കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നേപ്പാളിലെ പുരാതനമായ പശുപതിനാഥ് ക്ഷേത്രത്തില്‍ പൂജ നടത്താനുള്ള അധികാരം നേപ്പാള്‍ സര്‍ക്കാര്‍ ഇന്ത്യന്‍ പൂജാരിമാര്‍ക്ക് തിരിച്ചുനല്‍കി. ക്ഷേത്ര മാനേജ്മെന്‍റിന്‍റെ കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും അവിടത്തെ മാവോയിസ്റ്റ് സര്‍ക്കാര്‍ തീരുമാനിച്ചു.
മുന്നൂറ് വര്‍ഷത്തിലധികമായി ഇന്ത്യന്‍ പൂജാരിമാര്‍ പൂജ നടത്തുന്നതാണ് ഈ ക്ഷേത്രം. മാവോയിസ്റ്റ് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഡിസംബറില്‍ മൂന്ന് ഇന്ത്യന്‍ പൂജാരിമാര്‍ രാജിവയ്ക്കുകയും ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ യുവ കമ്യൂണിസ്റ്റ് ലീഗിന്‍റെ പിന്തുണയോടെ പശുപതിനാഥ് പ്രദേശ വികസന ട്രസ്റ്റ് രണ്ട് നേപ്പാളി പൂജാരിമാരെ നിയമിക്കുകയും ചെയ്തതോടെയാണ് ക്ഷേത്രത്തെ സംബന്ധിച്ച വിവാദങ്ങള്‍ ആരംഭിച്ചത്.
ട്രസ്റ്റിന്‍റെ നടപടി ഇന്ത്യന്‍ പൂജാരിമാരുടെ ഹര്‍ജിയെത്തുടര്‍ന്ന് നേപ്പാള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ കോടതി ഉത്തരവ് വന്നിട്ടും ഇന്ത്യന്‍ പൂജാരിമാരെ പുനര്‍നിയമിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വന്‍ സമ്മര്‍ദ്ദമാണ് സര്‍ക്കാരിനുണ്ടായത്. ഇന്ത്യയില്‍ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നേപ്പാള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ഷേത്ര വിവാദം നേപ്പാളും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്നമായി മാറിയേക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് നേപ്പാള്‍ സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.