പരസ്യമായി പ്രേമിച്ചാല്‍ മുടിമുറിക്കും!

Webdunia
ബുധന്‍, 30 ഏപ്രില്‍ 2008 (13:56 IST)
പരസ്യമായി പ്രേമ പ്രകടനം നടത്തിയാല്‍ യുവാക്കളുടെ നീളമുള്ള സ്റ്റൈലന്‍ മുടി മുറിച്ചു തള്ളും! സൌദി അറേബ്യന്‍ അധികൃതരാണ് ഈ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.

ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന സൌദി അറേബ്യയിലെ അല്‍-ക്വറായത് പ്രവിശ്യയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം കറങ്ങി നടന്ന യുവാക്കള്‍ക്കാണ് മുടി നഷ്ടമാവാന്‍ പോവുന്നത്. ഇവര്‍ നിയമ വിരുദ്ധമായി പൊതു സ്ഥലത്ത് പ്രണയ പ്രകടനം നടത്തിയതിനെതിരെ വടക്കന്‍ അല്‍‌-ജോഫ് പ്രവിശ്യാ ഗവര്‍ണര്‍ പ്രിന്‍സ് ഫഹദ് ബിന്‍ ബാദറാണ് ശിക്ഷ പുറപ്പെടുവിച്ചത്.

ഇത്തരത്തില്‍ ഇസ്ലാമിക നിയമം തെറ്റിക്കുന്ന എല്ലാ യുവാക്കള്‍ക്കും ഇതേ ശിക്ഷ നല്‍കാന്‍ ഫഹദ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അല്‍-ഹയാത് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ശിക്ഷയില്‍ നിന്ന് ഉന്നതരുടെ മക്കളെയും ഒഴിവാക്കരുത് എന്നാണ് നിര്‍ദ്ദേശം.

സൌദി അറേബ്യയില്‍ പൊതു സ്ഥലങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒത്തുചേരുന്നത് നിയമം വിലക്കുന്നു. സ്ത്രീകള്‍ സൌന്ദര്യ വര്‍ദ്ധക സാധനങ്ങള്‍ ഉപയോഗിക്കുന്നതും ശരിയായ രീതിയില്‍ പര്‍ദ്ദ അണിയാത്തതും ഇസ്ലാമിക നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇസ്ലാമിക നിയമങ്ങള്‍ പരിപാലിക്കപ്പെടുന്നുണ്ടോ എന്ന് അറിയാന്‍ സര്‍ക്കാര്‍ പ്രത്യേക നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.