പട്ടാളക്കാരെ കല്യാണം കഴിപ്പിക്കാന്‍ പിഎല്‍എ

Webdunia
ചൊവ്വ, 29 ജൂണ്‍ 2010 (10:25 IST)
ഏകാന്ത ഹൃദയങ്ങള്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് ചൈനീസ് ലിബറേഷന്‍ ആര്‍മി. അതുകൊണ്ട് തങ്ങളുടെ ബാച്ചലര്‍ പട്ടാളക്കാരെ എത്രയും പെട്ടന്ന് വിവാഹം കഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് 2.3 ദശലക്ഷം അംഗബലമുള്ള പട്ടാളത്തിന്‍റെ കമാന്‍ഡര്‍മാര്‍.

പീപ്പിള്‍ ലിബറേഷന്‍സ് ആര്‍മി ഡെയ്‌ലിയില്‍ തന്നെയാണ് ഈ വാര്‍ത്ത വന്നത്. സൈനികരുടെ ഓണ്‍‌ലൈന്‍ ഡേറ്റിംഗ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെ പരാമര്‍ശിച്ചായിരുന്നു വാര്‍ത്ത. സൈനികര്‍ ഓണ്‍‌ലൈനില്‍ എന്തെല്ലാം ചെയ്യാമെന്നും ചെയ്യരുതെന്നുമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.

പുതിയ നിയമപ്രകാരം സൈനികര്‍ ബ്ലോഗുകള്‍ പ്രസിദ്ധപ്പെടുത്താനോ ഇന്‍റര്‍നെറ്റില്‍ പുതിയ ജോലി തിരയാനോ ഇന്‍റര്‍നെറ്റ് ഡേറ്റിംഗ് നടത്താനോ പാടില്ല. ഓണ്‍‌ലൈന്‍ സൌഹൃദങ്ങളില്‍ നിന്ന് പോലും സൈനികര്‍ വിട്ടു നില്‍ക്കണമെന്ന് നിബന്ധനയില്‍ പറയുന്നു. നിഗൂഢ ലക്‍ഷ്യമുള്ളവര്‍ സൈനികരുടെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്തേക്കാമെന്നും ഇത് രാജ്യസുരക്ഷയ്ക്ക് തന്നെ വെല്ലുവിളി സൃഷ്ടിച്ചേക്കാമെന്നും ഉള്ളതിനാലാണ് പുതിയ നിബന്ധനകള്‍ എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഇതിന് പരിഹാരമെന്നോണമാണ് സൈനികരെ എത്രയും പെട്ടന്ന് വിവാഹം കഴിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഓരോരുത്തര്‍ക്കും നല്ലൊരു പങ്കാളിയെ ലഭ്യമാക്കുന്നതിനാ‍യി സൈനിക മേധാവികള്‍ തദ്ദേശ ഭരണകൂടങ്ങളുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടി വനിതാ ഫെഡറേഷന്‍റെയും സഹായം തേടിയിട്ടുണ്ടത്രേ!

ബീജിംഗിന് ആയിരം കിലോമീറ്റര്‍ മാറി ഹെയ്‌നാന്‍ ദ്വീപ് പ്രവിശ്യയില്‍ ഒരു പാരാമിലിട്ടറി ഓഫീസര്‍ തന്‍റെ ടീമിലെ അവിവാഹിതര്‍ക്ക് വേണ്ടി നിരവധി സ്ത്രീകളെ പങ്കെടുപ്പിച്ച് ഒരു പാര്‍ട്ടി നടത്തിയതായും പത്രം മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു.