നേപ്പാള്‍ ഭൂകമ്പം: രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് സുശീല്‍ കൊയ്‌രാള

ചൊവ്വ, 28 ഏപ്രില്‍ 2015 (11:23 IST)
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നില്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള. തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേപ്പാളില്‍ നിന്നുള്ള ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
കോണ്‍സ്റ്റിറ്റ്യുന്റ് അസംബ്ലി ചെയര്‍മാന്‍ സുബാസ് നെംബാംഗിന്റെ നേതൃത്വത്തില്‍ ആയിരുന്നു യോഗം. ഭൂകമ്പത്തിനു ശേഷമുള്ള സ്ഥിതിവിശേഷങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്.
 
സര്‍ക്കാര്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും സഹായങ്ങള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ചലനങ്ങള്‍ ഉണ്ടാകുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നെന്നും അദ്ദേഹം പറഞ്ഞു. ഭൂകമ്പം ബാധിച്ചയിടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും പുനരധിവാസപ്രവര്‍ത്തനങ്ങളും എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഗൌരവമായി തന്നെയാണ് ഇടപെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
താല്‍ക്കാലിക താമസകേന്ദ്രങ്ങള്‍, വെള്ളം, മരുന്ന്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവ ഭൂകമ്പം ബാധിച്ച പ്രദേശങ്ങളില്‍ എത്തിക്കുവാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിവരുന്നത്. ആളുകളോട് രക്തം ദാനം ചെയ്യാനും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കി.

വെബ്ദുനിയ വായിക്കുക