നേപ്പാള്‍ ഞെട്ടിവിറച്ചു; ഭൂചലനത്തില്‍ കാഠ്മണ്ഡു തകര്‍ന്നു

Webdunia
ശനി, 25 ഏപ്രില്‍ 2015 (16:46 IST)
ദേശീയതലസ്ഥാനത്ത് കനത്ത നാശനഷ്‌ടം വിതച്ച് നേപ്പാളിലെ ഭൂകമ്പം. തലസ്ഥാന നഗരമായ കാഠ്‌മണ്ഡുവില്‍ ഇതുവരെ നൂറുകണക്കിന് പേരാണ് മരിച്ചത്. മരണസംഖ്യ ആയിരത്തിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജീവനും സ്വത്തിനും വലിയ നഷ്‌ടം വരുത്തിയ ഭൂകമ്പത്തില്‍ നേപ്പാള്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. പല ചരിത്രസ്മാരകങ്ങളെയും ഓര്‍മ്മളുടെ ചരിത്രത്താളുകളിലേക്ക് മായ്ച്ചു കൊണ്ടാണ് ഭൂകമ്പം കാഠ്‌മണ്ഡുവിനെ തകര്‍ത്തിരിക്കുന്നത്. തലസ്ഥാന നഗരിയിലെ പുരാതന മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്‌ടം ഉണ്ടായിരിക്കുന്നത്.
 
പഴയ കാഠ്‌മണ്ഡുവിന്റെ ഭാഗമായ ഹന്‍മാന്‍ധോക മേഖലയില്‍ കനത്ത നാശമാണ് ഉണ്ടായത്. ഇവിടെ, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ലംജങ് മേഖലയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ടെലഫോണ്‍ ബന്ധം അറ്റു പോയിരിക്കുകയാണ്. 
 
ഇതിനിടെ ഭൂകമ്പത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഭൂകമ്പത്തെ തുടര്‍ന്ന് കാഠ്‌മണ്ഡു വിമാനത്താവളം അടച്ചു. നേപ്പാളിലേക്കുള്ള വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്.
 
പത്തൊമ്പതാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ട, കാഠ്‌മണ്ഡുവിലെ  ധരാധര ടവറും ഭൂചലനത്തില്‍ തകര്‍ന്നു. 
1832ല്‍ പണി കഴിപ്പിക്കപ്പെട്ടെ ധരാധര ടവര്‍ നേപ്പാളിന്റെ ചരിത്രസ്മാരകങ്ങളില്‍ പ്രധാനമായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തിരുന്ന ധരാധര ടവറിന്റെ എട്ടാം നിലയില്‍ കാഴ്ചക്കാര്‍ക്കായി ബാല്‍ക്കണിയും ഉണ്ടായിരുന്നു.
 
തലസ്ഥാനനഗരമായ കാഠ്‌മണ്ഡുവിനൊപ്പം പ്രധാനനഗരമായ പൊക്കാറയും ഭൂകമ്പത്തിന്റെ കാഠിന്യത്തില്‍ അമര്‍ന്നു. റിക്‌ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു ശേഷവും 14 ചെറുചലനങ്ങള്‍ ആണ് നേപ്പാളില്‍ ഉണ്ടായത്. 
അതേസമയം, നേപ്പാളില്‍ ജനങ്ങളോട് വീടുകള്‍ക്ക് പുറത്ത് തന്നെ നില്‍ക്കാന്‍ റേഡിയോയിലൂടെ നേപ്പാള്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. 
 
(ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിലെ ധരാധര ടവര്‍, തകരുന്നതിനും മുമ്പും തകര്‍ന്നതിനു ശേഷവും. ട്വിറ്ററില്‍ പ്രചരിക്കുന്ന ചിത്രം)‌