നിങ്ങള്‍ എന്നെ ഫാഷന്‍ പ്രതീകമാക്കി: ഹിന റബ്ബാനി

Webdunia
വെള്ളി, 29 ജൂലൈ 2011 (09:32 IST)
PRO
PRO
പാകിസ്ഥാന്‍ കാഴ്ചവച്ച ഗ്ലാമറുള്ള മുഖം എന്ന വിശേഷണം നേടിയ വിദേശകാര്യമന്ത്രി ഹിന റബ്ബാനിക്ക് മാധ്യമങ്ങളോട് പ്രതിഷേധം. എന്നെ നിങ്ങള്‍ ഫാഷന്‍ പ്രതീകമാക്കി എന്നാണ് അവര്‍ ആരോപിച്ചത്. എവിടെപ്പോയാലും പാപ്പരാസികള്‍ തന്നെ, അത്തരം പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ നടത്തരുത്, ഹിന ലാഹോറിലെ മാധ്യമങ്ങളോട് രോഷംകൊണ്ടു.

ഇന്ത്യന്‍ മാധ്യമങ്ങളോടുള്ള ദേഷ്യം ഹിന ലാഹോര്‍ വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടാണ് തീര്‍ത്തതെന്ന് മാത്രം. 34കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹിന ഈ സന്ദര്‍ശനത്തിലൂടെ ഇന്ത്യന്‍ ജനതയുടെ മനസിലും ഇടം കണ്ടെത്തുകയായിരുന്നു. ഒരു സിനിമാനടിയെ നോക്കുന്ന കൌതുകത്തോടെയാണ് മാധ്യമങ്ങള്‍ അവരെ വര്‍ണ്ണിച്ചത്. ഹിനയുടെ വേഷവിധാനത്തിലെ പ്രത്യേകതകള്‍, ബ്രാന്‍ഡഡ് കൂളിംഗ് ഗ്ലാസ്, പവിഴമാലകള്‍, വജ്രമാലകള്‍, ഹെര്‍മസ് ബിര്‍കിന്‍ വാനിറ്റി ബാഗ്- ഓരോന്നിനെക്കുറിച്ചും മാധ്യമങ്ങള്‍ തകര്‍ത്തെഴുതി. പാക് ബോംബ് ലാന്റഡ് ഇന്‍ ഇന്ത്യ എന്നുപോലും ഒരു പത്രം എഴുതിക്കളഞ്ഞു.

അതേസമയം, മൂന്നുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചുപോയ അവര്‍ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നു എന്നാണ് പ്രതികരിച്ചത്.