നവാസ് ഷെരീഫ് ചാരപ്രവര്‍ത്തനം തുടരാന്‍ ഐഎസ്ഐയോട് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍

Webdunia
വെള്ളി, 1 നവം‌ബര്‍ 2013 (11:58 IST)
PRO
പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് 1992ല്‍ കശ്മീരിലെ ചാരപ്രവര്‍ത്തനം തുടരാന്‍ ഐഎസ്ഐയോട് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍.

തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി പാകിസ്ഥാനെ പ്രഖ്യാപിക്കുമെന്ന യുഎസ് മുന്നറിയിപ്പുണ്ടായിട്ടും കാശ്മീരിലെ വിഘടന പ്രവര്‍ത്തനങ്ങളെ ഷെരീഫ് പിന്തുണച്ചെന്ന് മുന്‍ പാക് നയതന്ത്രജ്ഞനായ ഹുസൈന്‍ ഹഖാനിയുടെ പുസ്തകമായ 'മാഗ്‌നിഫിസന്‍റ് ഡെല്യൂഷന്‍സി'ല്‍ പറയുന്നു.

പാക് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാവില്ലെന്നു മനസ്സിലാക്കിയ ഷെരീഫ് യുഎസ് മുന്നറിയിപ്പ് മറികടക്കാന്‍ യു.എസ്. മാധ്യമങ്ങളിലേക്കും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയിലേക്കും ഇറങ്ങിച്ചെല്ലാനുള്ള ആദ്യ പടിയായി 12 കോടി രൂപ അനുവദിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. ഇതിനായി ഷെരീഫ് സഹായിയായ ഹുസൈന്‍ ഹഖാനിയെ നിയോഗിക്കുകയും ചെയ്തു.

മുന്നറിയിപ്പ് സംബന്ധിച്ച് യു.എസ്. വിദേശകാര്യ സെക്രട്ടറി ജെയിംസ് ബേക്കര്‍ 1992 മെയ് 10-ന് എഴുതിയ കത്ത് ഷെരീഫ് അവഗണിച്ചു. കശ്മീരി, സിഖ് തീവ്രവാദ സംഘടനകള്‍ക്ക് ആയുധങ്ങളും നുഴഞ്ഞുകയറ്റ പരിശീലനവും നല്‍കി പാകിസ്ഥാന്‍ സഹായിക്കുന്നതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് കത്തില്‍ പറയുന്നു.

ആ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ പാകിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമായി പ്രഖ്യാപിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കമെന്നും ഹഖാനി പുസ്തകത്തില്‍ പറയുന്നു.