നമ്മുടെ മന്ത്രവാദവും സായിപ്പ് അടിച്ചുമാറ്റി!

Webdunia
വെള്ളി, 29 ഏപ്രില്‍ 2011 (16:11 IST)
PRO
PRO
പരമ്പാരാഗത മന്ത്രവാദികളുടെ വേഷവിധാനവും ഒരു മന്ത്രവടിയുമായി നിങ്ങള്‍ ഷോപ്പിംഗ് മാളുകളിലോ എയര്‍പോര്‍ട്ടുകളിലോ ഒരു വയസ്സന്‍ വെള്ളക്കാരനെ കണ്ടാല്‍ സംശയിക്കേണ്ട, പരിചയപ്പെട്ടു നോക്കിക്കോളൂ. അത് ‘ഒബ്‌റോണ്‍ സെല്‍ റവെന്‍‌ഹാര്‍ട്ടിന്‍’ ആയിരിക്കും. മെറ്റാഫിസിഷ്യന്‍, പ്രഭാഷകന്‍, തിയോളജിയന്‍, സൈക്കോളജിസ്റ്റ്, ശില്‍പ്പി, എഴുത്തുകാരന്‍ എന്നീ മേഖലകളിലെല്ലാം ഒബ്‌റോണ്‍ പയറ്റി തെളിഞ്ഞെങ്കിലും ഓടുന്ന പട്ടിക്ക് മൂന്ന് മുഴം മുമ്പേ എറിഞ്ഞുകൊണ്ടാണ് ഇയാള്‍ മലയാളിയെ കിടുക്കിയിരിക്കുന്നത്.

ഇന്‍ഡ്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ക്ഷീണാവസ്ഥ നേരിടാത്ത ഒരു വ്യാപാരമാണ് മന്ത്രവാദം. എന്നാല്‍ പ്രായോഗികത കൊണ്ട് വെള്ളക്കാരെ പോലും മലര്‍ത്തിയടിക്കുന്ന മലയാളികളെ ഒബ്‌റോണ്‍ ശരിക്കും നടുക്കുന്നു. മന്ത്രവാദത്തിനായി ആദ്യത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിച്ചു കൊണ്ടാണ് ഒബ്‌റോണ്‍ മലയാളികളെ ഞെട്ടിച്ചത്.

2005, മാര്‍ച്ച് 14നു തന്നെ ഒരു സന്നദ്ധ സേവ വിദ്യാഭ്യാസ കേന്ദ്രമായി ‘ഗ്രെ സ്കൂള്‍ ഓഫ് വിസാര്‍ഡ്രി’ എന്ന പേരില്‍ കാലിഫോര്‍ണിയില്‍ ഒബ്‌റോണ്‍ തന്‍റെ സ്കൂള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. കേരളത്തില്‍ മുട്ടിനു മുട്ടിനു കവടി നിരത്തലും ചാത്തന്‍ സേവയുമായി വ്യാപാര സാധ്യതകള്‍ കാണുന്നവര്‍ തലയില്‍ കൈവച്ച് ആലോചിച്ചു പോയിട്ടുണ്ടാവും ഇങ്ങനെയൊരു ആശയം എന്തുകൊണ്ട് തങ്ങള്‍ക്ക് തോന്നിയില്ലയെന്ന്. മലയാളി മനസ്സില്‍ കാണാത്തത് സായിപ്പ് മാനത്ത് കണ്ടുവെന്ന് സാരം.

ഇനി പഠന കേന്ദ്രത്തെ പറ്റി ഒരു വിവരണം. പതിനാറ് പഠന വകുപ്പുകള്‍ ഈ പഠന കേന്ദ്രത്തിലുണ്ട്. ആല്‍ക്കെമി മുതലായ വിഷയങ്ങളാണ് ഇതില്‍ പ്രധാനം. വിഷയങ്ങള്‍ പഠിപ്പിക്കുന്നതല്ലാം ഓണ്‍ലൈന്‍ മുഖേനയാണ്. സ്ത്രീകളും പുരുഷന്മാരുമായി സ്വന്തം താല്‍‌പര്യപ്രകാരം 735 പേര്‍ ഇവിടെ വിദ്യാര്‍ഥികളായി ഉണ്ട്. ഇതില്‍ 100 ഓളം പതിനെട്ട് വയസ്സിന് താഴെയുള്ളവരാണ്.

ലോകത്തിലെ ഏത് ഭാഗത്തുള്ള ആളുകള്‍ക്കും ഇവിടെ പഠിക്കാന്‍ ചേരാം. 1500 രൂപ ഫീസിനത്തില്‍ ഈടാക്കും. പഠന കേന്ദ്രത്തിന്റെ പ്രധാന അദ്ധ്യാപകന്‍ കൂടിയായ ഒബ്‌റോണ്‍ പാഠ്യക്രമം ഉന്നത നിലവാരമുള്ളതാണെന്നാണ് അവകാശപ്പെടുന്നത്. ദുര്‍മന്ത്രവാദത്തെ തടയുന്നതിനുള്ള വിശദമായ ബോധവല്‍ക്കരണ ക്ലാസും കോഴ്സിന്റെ ഭാഗമായി ഒബ്‌റോണ്‍ നടത്തുന്നുണ്ട്.

ഒബ്‌റോണിന്റെ ഭാര്യയായ മോണിംഗ് ഗ്ലോറിയും മന്ത്രവാദ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ മന്ത്രവാദം പഠിച്ച ഒബ്‌റോണ്‍ പുറത്തിറങ്ങുന്നതു പോലും മന്ത്രവാദിയുടെ വേഷം ധരിച്ചാണ്. ഷോപ്പിംഗിനായി മാര്‍ക്കറ്റില്‍ പോകാനാണെങ്കിലും ഈ വേഷമണിയാതെ ഒബ്‌റോണ്‍ പുറത്തിറങ്ങാറില്ല. മന്ത്രവാദമില്ലാതെ ഒരു നിമിഷം പോലും ജീവിക്കുന്നത് അസാദ്ധ്യമാണെന്നാണ് ഒബ്‌റോണ്‍ പറയുന്നത്.