തുടര്‍ ചലനങ്ങള്‍ ഉണ്ടായേക്കും; മരണം 5000 കവിയുമെന്ന് റിപ്പോര്‍ട്ട്

Webdunia
ഞായര്‍, 26 ഏപ്രില്‍ 2015 (17:31 IST)
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ തുടര്‍ചലനങ്ങള്‍ ഇന്നുമുണ്ടായി. അടുത്ത 72 മണിക്കൂര്‍ കൂടി തുടര്‍ ചലനത്തിനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ധര്‍ നല്കുന്ന റിപ്പോര്‍ട്ട്. ഇതിനിടെ, നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2200 കടന്നു. മരണസംഖ്യ 5000 കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഉച്ചക്ക് 12.40 ഓടെയാണ് നേപ്പാളില്‍ തുടര്‍ചലനം അനുഭവപ്പെട്ടത്. തുടര്‍ചലനം റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായതിന്‍റെ സമാന ചലനമാണിത്. ചലനം ഒരു മിനിട്ടോളം നീണ്ടു. ഇന്നലെ ഉണ്ടായ ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായിരുന്നു പുതിയ പ്രഭവ കേന്ദ്രം.
 
ഭൂകമ്പത്തെ തുടര്‍ന്ന് എവറസ്റ്റില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ 65 പര്‍വ്വതാരോഹകര്‍ മരിച്ചു. ഇതില്‍ ഗൂഗിള്‍ എക്സിക്യുട്ടിവും ഉള്‍പ്പെടുന്നു. മരിച്ച 18 പേരുടെ മൃതദേഹം ഇന്ത്യന്‍ സൈന്യം കണ്ടെത്തി. ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. 
 
ഇന്നലെ റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുക്കിയ ഭൂചലനത്തിനു ശേഷം 25 തുടര്‍ചലനങ്ങള്‍ ആണ് ഇതുവരെ ഉണ്ടായത്.  അതേസമയം, ഭൂകമ്പത്തെ തുടര്‍ന്ന് അടച്ചിട്ട കാഠ്‌മണ്ഡു വിമാനത്താവളം തുറന്നു.