തിരിച്ചറിവിന്‍റെ ‘ആനസത്യം’

Webdunia
അപകടകാരികളായ മനുഷ്യരെ തിരിച്ചറിയാന്‍ ആനകള്‍ക്ക് മനുഷ്യഗന്ധവും വസ്ത്രത്തിന്‍റെ നിറവും സഹായമാവുന്നു എന്ന് ഒരു പഠനം വെളിവാക്കുന്നു. സെന്‍റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ആഫ്രിക്കന്‍ ആനകളിലാണ് പഠനം നടത്തിയത്. മാസായ് ഗോത്രവര്‍ഗ്ഗക്കാര്‍ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ ഗന്ധം ആനകളെ ഭയപ്പെടുത്തി എന്ന് ഗവേഷകര്‍ പറയുന്നു. ആനകളെ കുന്തമെറിഞ്ഞ് വീഴ്ത്തുന്നതിലൂടെ ധൈര്യം പ്രകടിപ്പിക്കുനവരാണ് ഈ ഗോത്രവര്‍ഗ്ഗക്കാര്‍.

മാസായ് ഗോത്രവര്‍ഗ്ഗക്കാര്‍ ചുവന്ന വേഷമാണ് പരമ്പതാഗതമായി ധരിക്കുന്നത്. ഈ നിറവും ആനകള്‍ രക്ഷപെടാനുള്ള സൂചനയായി കണക്കാക്കി. എന്നാല്‍, വെള്ള വസ്ത്രത്തോടും മറ്റ് നിറങ്ങളോടും ആനകള്‍ താരതമ്യേന ശാന്തമായാണ് പ്രതികരിച്ചത് എന്നും ഗവേഷകര്‍ പറയുന്നു.

ആനകളെ കൂടുതലായി എതിരിടാത്ത കംബ ഗോത്ര വിഭാഗത്തിന്‍റെ വസ്ത്രത്തിന്‍റെ ഗന്ധം ആനകളെ പ്രകോപിപ്പിച്ചില്ല എന്നും ഗവേഷകര്‍ കണ്ടെത്തി.

മനുഷ്യരോട് എതിരേണ്ട സാഹചര്യം വന്നാല്‍ ആനകളുടെ ആക്രമണ പ്രവണത വര്‍ദ്ധിക്കുമെന്നും ആക്രമണ ശേഷം മാത്രമേ രക്ഷപെടാന്‍ ശ്രമിക്കൂ എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍ ബേറ്റ്സും പ്രഫസര്‍ ബൈറണുമാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

‘കറന്‍റ് ബയോളജി ഓണ്‍ ലൈനി’ല്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.