Manipur violence: മണിപ്പൂർ കത്തുന്നു, കലാപകാരികൾ 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

അഭിറാം മനോഹർ

തിങ്കള്‍, 18 നവം‌ബര്‍ 2024 (14:01 IST)
കലാപം തുടരുന്ന മണിപ്പൂരില്‍ ജനപ്രതിനിധികളുടെ വീടുകള്‍ക്ക് നേരെ ആക്രമണം രൂക്ഷമാകുന്നു. 9 ബിജെപി എംഎല്‍എമാരുടേത് ഉള്‍പ്പടെ ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും തീവെയ്പ്പുകള്‍ക്കും ശേഷമായിരുന്നു സംഭവം.
 
പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബിജെപി എംഎല്‍എമാരായ വൈ രാധേശ്യാം, പവോനം ബ്രോജെല്‍,കോണ്‍ഗ്രസ് നിയമസഭാഗം ടി എച്ച് ലോകേഷ്വര്‍ എന്നിവരുടെ വീടുകളാണ് നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ വസതിയിലേക്ക് ജനക്കൂട്ടം ഇരച്ചുകയറി. ഉപഭോക്തൃ- പൊതുവിതരണ മന്ത്രി എല്‍ സുശീന്ദ്രോ സിങ്ങിന്റെ വീടുകളിലും പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 ജിരിബാമില്‍ സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയ ആറുപേരുറ്റെ മൃതദേശം കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂര്‍ സംഘര്‍ഷഭരിതമായത്. മെയ്തായ് വിഭാഗത്തിലുള്ളവരാണ് മരിച്ച ആറുപേരും. കൊലപാതകത്തിന് പിന്നില്‍ കുക്കി വിഭാഗത്തില്‍ പെട്ടവരാണെന്ന് ആരോപിച്ചാണ് സംസ്ഥാനത്ത് വീണ്ടും കലാപം രൂക്ഷമായത്. വ്യാപക അക്രമങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ് ജില്ലകളില്‍ അനിശ്ചിതകാലത്തെക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 7 ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. 23 അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍