കടുത്ത മലിനീകരണം, ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്കൂളുകൾ ഓൺലൈനാക്കി, നിയന്ത്രണങ്ങൾ കർശനം
ഡല്‍ഹിയിലെ വായുമലിനീകരണ സൂചിക 481 എന്ന നിലയിലേക്ക് ഉയര്‍ന്നതോടെയാണ് നടപടികള്‍ കര്‍ശനമാക്കിയത്. ഇന്ന് രാവിലെ 8 മണിമുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. എല്ലാതരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും കെട്ടിടം പൊളിക്കലുകള്‍ക്കും നിരോധനം വന്നു. ഇതോടെ ആറ് അടുപ്പാതകളുടെയും ബൈപാസിന്റേതുമടക്കമുള്ള എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്‌ക്കേണ്ട അവസ്ഥയിലായി.
നിയന്ത്രണങ്ങള്‍ പ്രകാരം ബിഎസ് 4 നിലവാരത്തിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനാവില്ല. ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രക്കുകള്‍, ലഘു വാണിജ്യ വാഹനങ്ങള്‍ എന്നിവ തലസ്ഥാന മേഖലയിലേക്ക് കടക്കുന്നത് തടയും. 10,12 ക്ലാസുകളില്‍ ഒഴികെ മറ്റെല്ലാ ക്ലാസുകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളാക്കി മാറ്റി. ഒരു ദിവസം പാതി ജീവനക്കാര്‍ മാത്രമെ ഓഫീസുകളിലെത്താകു എന്നും നിര്‍ദേശമുണ്ട്. സാധ്യമെങ്കില്‍ ജോലികള്‍ ഓണ്‍ലൈനിലേക്ക് മാറ്റണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിന് പുറമെ സംസ്ഥാനത്തിന് അത്യാവശ്യമില്ലാത്ത എല്ലാ വാണിജ്യ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ കടുത്ത മലിനീകരണത്തെ തുടര്‍ന്ന് കനത്ത പുകമഞ്ഞ് ഡല്‍ഹിയില്‍ നിറഞ്ഞതോടെ കാഴ്ചാപരിധി 150 മീറ്ററായി കുറഞ്ഞു. പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ടാണ്.