ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന് അര്‍ബുദബാധയെന്ന് സംശയം. ജലദോഷവും കഫക്കെട്ടും മൂലം ന്യൂയോര്‍ക്കിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് സ്തനത്തില്‍ വലിയ മുഴ കണ്ടെത്തിയത്. അര്‍ബുദ സാധ്യത പരിശോധിക്കുന്നതിന് കോശഭാഗങ്ങള്‍ ലാബിലേക്ക് അയച്ചു. തിങ്കളാഴ്ചയോടെ പരിശോധന ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ തസ്ലീമയുടെ ട്വീറ്റാണ് അഭ്യൂഹം ശക്തമാക്കിയത്.
''പ്രിയപ്പെട്ട ഇന്ത്യ... അര്‍ബുദമാണെന്ന് നിര്‍ണയിക്കുകയും ഞാന്‍ മരിക്കുകയും ചെയ്താല്‍, എന്റെ പ്രിയപ്പെട്ട പൂച്ചയെ നന്നായി പരിചരിക്കണം...''-ഇതായിരുന്നു ന്യൂയോര്‍ക്കിലെ ആസ്പത്രിയില്‍ നിന്ന് തസ്ലിമ ട്വീറ്റ് ചെയ്തത്. അമ്പത്തൊന്നുകാരിയായ തസ്ലീമയുടെ മാതാവ് അര്‍ബുദത്തെത്തുടര്‍ന്നാണ് മരിച്ചത്. സഹോദരന്‍ അര്‍ബുദത്തിന് ചികിത്സയിലുമാണ്. അര്‍ബുദത്തെക്കുറിച്ചുള്ള ആശങ്ക അവര്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
മതമൗലിക വാദികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തസ്ലീമ ഏറെക്കാലമായി ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും അഭയാര്‍ഥിയായിക്കഴിയുകയാണ്. കഴിഞ്ഞ ആഴ്ചയാണ് തസ്ലീമ ന്യൂയോര്‍ക്കിലെത്തിയത്.