ഡാലസിന് പുതിയ മുഖം, ആദ്യ മുഖം മാറ്റിവയ്ക്കല്‍!

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2011 (15:32 IST)
PRO
ഡാലസ് വിയന്‍സിന് ലോകത്തിനു മുന്നില്‍ ഇനി പുതിയ മുഖം! യുസ് വൈദ്യശാസ്ത്ര ചരിത്രത്തിലെ തന്നെ ആദ്യ പരിപൂര്‍ണ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ലോകത്തെ നോക്കിക്കാണാനും ലോകത്തിനു കാണാനും ഡാലസ് വിയന്‍സ് എന്ന ഇരുപത്തിയഞ്ചുകാരന് ഒരു പുതിയ മുഖം ലഭിച്ചിരിക്കുകയാണ്.

ബ്രിഗ്‌ഹാം ആന്‍ഡ് വിമന്‍സ് ആശുപത്രിയില്‍ കഴിഞ്ഞ ആഴ്ചയാണ് അത്യപൂര്‍വമായ സമ്പൂര്‍ണ്ണ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ഡാലസിന്റെ മൂക്ക്, ചുണ്ടുകള്‍, മുഖചര്‍മ്മം, മുഖത്തെ മസിലുകള്‍, ഞരമ്പുകള്‍ എന്നിവ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുതുതായി വച്ചുപിടിപ്പിച്ചു.

2008 - ല്‍ കടുത്ത വൈദ്യുതാഘാതത്തിന് ഇരയായ ഡാലസിന്റെ താടിയിലെ കുറച്ച് ഭാഗമൊഴികെ മുഖമെല്ലാം കത്തിക്കരിഞ്ഞുപോയിരുന്നു. എന്നാല്‍, മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ഡാലസിന്റെ നഷ്ടമായ കാഴ്ചശക്തി വീണ്ടെടുക്കാനായിട്ടില്ല. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഡാലസിന് മുഖത്തിന്റെ സംവേദനക്ഷമതയെല്ലാം തിരികെ ലഭിക്കുകയും ചെയ്തു.

ശസ്ത്രക്രിയയുടെ ചെലവ് വഹിച്ചത് പ്രതിരോധ വകുപ്പാണ്. മാരകമായി പരുക്കേല്‍ക്കുന്ന സൈനികരുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള ഗവേഷണങ്ങളുടെ ഭാഗമായുള്ള ഗ്രാന്റാണ് ആശുപത്രിക്ക് ലഭിച്ചത്. എന്നാല്‍, ഡാലസിന് അവയവദാനം നടത്തിയ ആള്‍ പേര് വെളിപ്പെടുത്തിയിട്ടില്ല.