ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവിലായിരുന്ന മലയാളി നാവികന് ആലപ്പുഴ ചമ്പക്കുളം സ്വദേശി ക്യാപ്റ്റന്‍ സുനില്‍ ജയിംസ് മോചിതനായി. വിജയന് എന്ന മറ്റൊരു നാവികനെയും വിട്ടയച്ചു.
നയതന്ത്ര ഇടപെടലിന്റെ ഫലമായാണ് സുനിലിന്റെയും വിജയന്റെയും മോചനം നടന്നത്. ടോഗോ സര്‍ക്കാര്‍ ഇതിന്റെ വിശദവിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇരുവരും ഇന്നു തന്നെ നാട്ടിലേക്കു തിരിക്കുമെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.
കഴിഞ്ഞ ജൂലൈയിലാണ് സുനില്‍ ഉള്‍പ്പെടുന്ന നാവികരെ ടോഗോ നാവിക സേന കസ്റ്റഡിയിലെടുത്ത് ജയിലിടച്ചത്. കടല്‍കൊള്ളക്കാരുടെ അക്രമം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കപ്പല്‍ തീരത്ത് അടുപ്പിച്ചതിനായിരുന്നു അറസ്റ്റ്.
പതിനൊന്നു മാസം പ്രായമുള്ള മകന് വിവാന് ഈ മാസം ആദ്യം മരിച്ചു. മൃതദേഹം മുംബൈയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ സുനില്‍ എത്താന്‍ കാത്തിരിക്കുകയാണ് ബന്ധുജനങ്ങള്‍.