ജോലിപോകുമോ? പ്രവാസികള്‍ ആശങ്കയില്‍

Webdunia
വെള്ളി, 29 മാര്‍ച്ച് 2013 (10:57 IST)
PRO
ഗള്‍ഫ് മേഖലയിലുള്ള പ്രവാസികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങിവരേണ്ടിവരുമോ എന്ന ആശങ്കയാണ് അവരെ മഥിക്കുന്നത്. ദിനം‌പ്രതി ലഭിക്കുന്ന വാര്‍ത്തകള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത് തന്നെയാണ്. സൌദിയിലെ സ്വദേശിവത്കരണം അവരുടെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യയ്ക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും മന്ത്രി കെ സി ജോസഫ് ഉള്‍പ്പടെയുള്ളവര്‍ പറയുമ്പോള്‍ ഏത് വാക്കുകളിലാണ് ഗള്‍ഫ് മലയാളികള്‍ ആശ്രയം കണ്ടെത്തുക?

ശരിയാണ്. മറ്റൊരു രാജ്യത്തിലെ സ്വദേശിവത്കരണ നടപടികള്‍ അവരുടെ ആഭ്യന്തര കാര്യം തന്നെയാണ്. ഇന്ത്യയുടെ ഏതെങ്കിലും നയത്തില്‍ മറ്റൊരു രാജ്യം ഇടപെടാന്‍ നമ്മളും അനുവദിക്കുകയില്ല. എന്നാല്‍ സൌദിയുമായി വളരെയടുത്ത സ്നേഹബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ കേന്ദ്രമന്ത്രിമാരായ ഇ അഹമ്മദും വയലാര്‍ രവിയുമൊക്കെ സൌദിയുമായി നല്ല ബന്ധവും അവിടെ നല്ല സ്വാധീനവുമുള്ളവരാണ്. ആ ബന്ധങ്ങള്‍ വച്ച് ഇപ്പോഴത്തെ സ്വദേശിവത്കരണം കുറച്ചുകാലത്തേക്ക് നീട്ടിവയ്ക്കാനുള്ള ശ്രമമെങ്കിലും നടത്തേണ്ടതുണ്ട്.

സൌദിയില്‍ മാത്രമല്ല ഈ പ്രശ്നം. ഇപ്പോള്‍ കേള്‍ക്കുന്നത് കുവൈറ്റിലും സ്വദേശിവത്കരണ നടപടികള്‍ കര്‍ശനമാക്കുന്നതായാണ്. അടുത്ത ഒരു ദശകത്തിനുള്ളില്‍, നിലവിലുള്ളതിനെ അപേക്ഷിച്ച് വിദേശ തൊഴിലാളികളുടെ എണ്ണം പകുതിയിലധികം കുറയ്ക്കാനാണ് കുവൈറ്റും ആലോചിക്കുന്നത്. വരുന്ന മാസം മുതല്‍ പുതിയ തൊഴില്‍ വിസ അനുവദിക്കില്ലെന്നും നിലവിലുള്ള വിസകള്‍ പുതുക്കി നല്‍കില്ലെന്നും സൂചനകള്‍ ലഭിക്കുന്നു.

സൌദിയില്‍ നിയമലംഘനം നടത്തുന്ന വിദേശ തൊഴിലാളികളെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന് അധികാരം നല്‍കിയിട്ടുണ്ട്. സ്വദേശി തൊഴിലാളികളെ നിയമിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും നീക്കം തുടങ്ങി. ഇങ്ങനെ റദ്ദാക്കുകയാണെങ്കില്‍ രണ്ട് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്കായിരിക്കും ലൈസന്‍സ് നഷ്ടപ്പെടുക.

തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പൊലീസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്വദേശിവത്കരണം ഇല്ലെന്ന് കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ ഉടന്‍ നടപടി നേരിടേണ്ടിവരും എന്നത് വസ്തുതയാണ്.

എന്നാല്‍ സൗദി സര്‍ക്കാരുമായി സ്വദേശിവത്കരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അവിടത്തെ ഇന്ത്യന്‍ അംബാസഡറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി വയലാര്‍ രവി അറിയിച്ചിരിക്കുന്നത്. സൌദിയുടെ സ്വദേശിവത്കരണം ഇന്ത്യന്‍ തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് കാരണമാകില്ലെന്ന് രവി ഉറപ്പുനല്‍കുന്നു. സൗദിയില്‍ ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് സഹായങ്ങള്‍ ആവശ്യമെങ്കില്‍ നല്‍കാന്‍ തയ്യാറാണെന്നും രവി പറയുന്നു.