നീതിന്യായ വ്യവസ്ഥിതിയില്‍ നിന്ന് അഴിമതി തുടച്ചു നീക്കണമെന്ന് പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ മുഹമ്മദ് ചൌധരി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസായി പുനര്‍ നിയമിക്കപ്പെട്ട ശേഷം ആദ്യമായി കോടതിയിലെത്തിയപ്പോഴാണ് ഇഫ്തിക്കര്‍ നീതിന്യായ സമ്പ്രദായം അഴിമതി മുക്തമാക്കണമെന്ന് അഭിഭാഷകരോട് ആവശ്യപ്പെട്ടത്.
നീതിന്യായ വ്യവസ്ഥയില്‍ അഴിമതി നിറഞ്ഞിരിക്കുകയാണ്. അഭിഭാഷകരുടെ സഹായമില്ലാതെ അത് പൂര്‍ണ്ണമായി തുടച്ചുനീക്കാനാകില്ലെന്ന് ചൌധരി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസായി തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദിയുണ്ടെന്ന് തന്നെ അഭിനന്ദിക്കാനെത്തിയ അഭിഭാഷകരോട് അദ്ദേഹം പറഞ്ഞു.
നിരവധി അഭിഭാഷകരുടെ അകമ്പടിയോടെയാണ് ചൌധരി കോടതിലെത്തിയത്. സുപ്രീം കോടതി പരിസരം ഉത്സവ പ്രതീതിയോടെയാണ് അദ്ദേഹത്തിന്‍റെ രണ്ടാം വരവ് ആഘോഷിച്ചത്. കാറില്‍ വന്നിറങ്ങിയ ചൌധരിയെ നിറഞ്ഞ കരഘോഷത്തോടെയാണ് അഭിഭാഷകര്‍ വരവേറ്റത്.
മുഷറഫ് ഭരണകൂടം പിരിച്ചുവിട്ട മുന്‍ ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരിയടക്കമുള്ളവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പിഎംഎല്‍-എന്‍ നേതാവ് നവാസ് ഷരീഫിന്‍റെ പിന്തുണയോടെ അഭിഭാഷക ലോംഗ്‌മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്നാണ് ചൌധരിയടക്കം 11 ജഡ്ജിമാരെ തല്‍സ്ഥാനങ്ങളില്‍ പുനര്‍നിയമിക്കാന്‍ സര്‍ദാരി ഭരണകൂടം ഉത്തരവിട്ടത്.
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലേതും ഉള്‍പ്പെടെ അറുപതോളം ജഡ്ജിമാരെയാണ് മുഷറഫ് ഭരണകൂടം 2007 നവംബറിലെ അടിയന്തിരാവസ്ഥ കാലത്ത് പിരിച്ചുവിട്ടത്. സൈനിക മേധാവിയായതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കോടതി തന്നെ വിലക്കിയേക്കും എന്ന സംശയത്തെ തുടര്‍ന്നാണ് ചൌധരിയടക്കമുള്ളവരെ മുഷറഫ് പിരിച്ചു വിട്ടത്.