ചോര്‍ത്തല്‍ വിവാദം: ബ്രസീലിയന്‍ പ്രസിഡന്റിന്റെ അമേരിക്കന്‍ സന്ദര്‍ശനം മാറ്റിവെച്ചു

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (09:42 IST)
PTI
ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൗസ്സഫ് യുഎസ് പര്യടനം മാറ്റിവെച്ചു. യുഎസ് ഏജന്‍സികള്‍ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് സന്ദര്‍ശനം മാറ്റിവെച്ചത്.

യുഎസ് ദേശീയ സരുക്ഷാ ഏജന്‍സിയുടെ നേതൃത്വത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റിന്റെയും അവരുടെ സഹായികളുടെയും ബ്രസീലിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓയില്‍ കമ്പനികളുടെയും ഇമെയിലുകളും രേഖകളും ചോര്‍ത്തിയതായി വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് യാത്ര മാറ്റിവെച്ചത്.

ദില്‍മ റൗസ്സഫുമായി ഈ പ്രശ്നം ടെലിഫോണില്‍ സംസാരിച്ചതായി വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനു ശേഷം പ്രസിഡന്റിന്റെ യുഎസ് പര്യടനം ഉണ്ടായേക്കുമെന്ന് ബ്രസീല്‍ അറിയിച്ചു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡനാണ് ജൂലായില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.