ചൈനയില്‍ ശക്തമായ ഭൂചലനം: മരണം 100 കടന്നു

Webdunia
ശനി, 20 ഏപ്രില്‍ 2013 (15:26 IST)
PRO
PRO
ചൈനയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 100 കടന്നു. 2000ത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 400 ഓളം പേരുടെ നില ഗുരുതരമാണ്. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ സിഷ്വാന്‍ പ്രവിശ്യയിലാണ് ഭൂചലനം ഉണ്ടായത്.

റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ലിന്‍‌ക്വിയോങ് പട്ടണത്തില്‍ നിന്ന് 50 കിലോമീറ്റര്‍ പടിഞ്ഞാറാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം.

12 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. ചലനം 20 സെക്കന്റ് നീണ്ടുനിന്നു. നിരവധി തുടര്‍ ചലനങ്ങളും ഉണ്ടായി.

2008 മെയില്‍ സിഷ്വാന്‍ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 90,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ചലനമാണ് അന്ന് അനുഭവപ്പെട്ടത്.