ചൈനയിലും ഒരു സെക്സ് സ്വാമി!

Webdunia
ശനി, 8 ജനുവരി 2011 (09:43 IST)
നിത്യാനന്ദ പരമഹംസയെ പോലെ ലൈംഗിക കുറ്റത്തിന് ചൈനയിലും ഒരു സ്വയം പ്രഖ്യാപിത ആത്മീയാചാര്യന്‍ പിടിയിലായി. ജിയുഹുവ പര്‍വത ബുദ്ധനാണെന്ന് സ്വയം പ്രഖ്യാപിച്ചിരുന്ന സു ഫുയു വിശ്വാസത്തിന്റെ മറവില്‍ (46) നാല് സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയും ആരാധകരില്‍ നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുക്കുകയും ചെയ്തതാണ് അറസ്റ്റിനു കാരണമായത്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പത്ത് വ്യത്യസ്ത പ്രവിശ്യകളില്‍ നിന്ന് ഇയാള്‍ മൂന്ന് ലക്ഷം ഡോളര്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്. കുടിയേറ്റക്കാരിയായ ഒരു വനിതാ തൊഴിലാളിയുടെ നിര്‍ഭാഗ്യം ഇല്ലാതാക്കാമെന്ന് പറഞ്ഞ് അടുത്തുകൂടിയ സു ഫുയു അവരുടെ കഴിഞ്ഞ ജന്‍മത്തിലെ ഭര്‍ത്താവാണെന്ന് പറഞ്ഞാണ് അവരുമായി ലൈംഗിക ബന്ധം തരപ്പെടുത്തിയതെന്ന് ‘ഗ്ലോബല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാംഗ്ക്യുമെനിലെ ഡോംഗ്ചെങ്ങ് ജില്ലയില്‍ നിന്നാണ് സു ഫുയു അറസ്റ്റിലായത്. കഴിഞ്ഞ നവംബറില്‍ പിടിയിലായ ഇയാള്‍ കൂടുതല്‍ സ്ത്രീകളെ വിശ്വാസത്തിന്റെ മറവില്‍ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് സൂചന. നൂറിലധികം ആളുകള്‍ ഇയാളുടെ പണം തട്ടിപ്പിനും ഇരയായി. അടുത്ത മാസം സു ഫുയുവിന്റെ വിചാരണ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.