ഗൂഗിള്‍ ഭീഷണിയോട് ചൈന പ്രതികരിച്ചു

Webdunia
വ്യാഴം, 14 ജനുവരി 2010 (15:40 IST)
PRO
PRO
നിയമങ്ങള്‍ക്കനുസൃതമായി വിദേശ ഇന്‍റര്‍നെറ്റ് സ്ഥാപനങ്ങളെ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ സ്വാഗതം ചെയ്യുന്നതായി ചൈന അറിയിച്ചു. ചൈനയില്‍ നിന്ന് പിന്‍‌മാറുമെന്ന ഗൂഗിളിന്‍റെ ഭീഷണീയോട് സര്‍ക്കാര്‍ നടത്തുന്ന ആദ്യ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മനുഷ്യാവകാശ പ്രവര്‍ത്തകരെ ലക്‍ഷ്യം വച്ച് ചൈന നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് ചൊവ്വാഴ്ച ഗൂഗിള്‍ പ്രസ്താവന ഇറക്കിയിരുന്നു. തങ്ങളുടെ ചൈനീസ് സേര്‍ച്ച് എഞ്ചിന്‍ സെന്‍സര്‍ ചെയ്യാന്‍ താല്‍‌പര്യമില്ലെന്നും ഗൂഗിള്‍ അറിയിച്ചിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ പ്രസ്താവനയിറക്കിയത്.

രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി ഇന്‍റര്‍നെറ്റ് ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ജിയാംഗ് യൂ പറഞ്ഞു. ഇന്‍റര്‍നെറ്റിന്‍റെ പുരോഗതികളെ ചൈന എന്നും സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. യാതൊരു തരത്തിലുള്ള ഹാക്കിംഗ് പ്രവര്‍ത്തനങ്ങളേയും ചൈന അംഗീകരിക്കുന്നില്ലെന്നും ജിയാംഗ് വ്യക്തമാക്കി.

2006 ലാണ് ഗൂഗിള്‍ ചൈനീസ് സേര്‍ച്ച് എഞ്ചിന്‍ തുടങ്ങിയത്. നേരത്തെ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ഏതാനും സേര്‍ച്ച് ഫലങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍ ഗൂഗിള്‍ തയ്യാറായിരുന്നു. ചൈനീസ് സേര്‍ച്ച് മാര്‍ക്കറ്റിന്‍റെ മൂന്നിലൊരു ഭാഗവും ഗൂഗിളാണ് കയ്യടക്കിയിരിക്കുന്നത്. 350 ദശലക്ഷം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളാണ് ചൈനയിലുള്ളത്.