ഗര്‍ഭഛിദ്രത്തിനെതിരെ കടുത്ത നിലപാടുമായി ഡൊണാള്‍ഡ് ട്രംപ്

Webdunia
വ്യാഴം, 31 മാര്‍ച്ച് 2016 (13:01 IST)
ഗര്‍ഭഛിദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഏതു തരത്തിലുള്ള  ശിക്ഷ  നല്‍കണം എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വിസ്‌കോന്‍സിലില്‍ ജനങ്ങളോട് സംസാരിക്കവേയാണ് ട്രംപ് വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 
 
അമേരിക്കന്‍ സുപ്രീംകോടതി ഗര്‍ഭഛിദ്രം അടുത്തകാലത്തായി നിയമപരമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ വ്യാപക ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് തന്റെ നിലപാട് തുറന്നു പറഞ്ഞ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
 
ബലാത്സംഗം, മാതാവിന് അപകടകരമാവുന്ന സമയം എന്നിവ ഒഴികെ ഗര്‍ഭഛിദ്രം നിരോധിക്കേണ്ടതാണെന്നും ട്രംപ് വ്യക്തമാക്കി. ഗര്‍ഭഛിദ്രം ചെയ്യുന്ന സത്രീകളെ ശിക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഏതുതരം ശിക്ഷ നല്‍കണം എന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.