ഖിലാഫത്തിനോട് എതിരായിരുന്നുവെന്ന് ലാദന്റെ കത്ത്

Webdunia
വെള്ളി, 4 മാര്‍ച്ച് 2016 (12:18 IST)
അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ലാദന്‍ ഖിലാഫത്ത് നടപ്പാക്കുന്നതിനോട് എതിരായിരുന്നുവെന്ന് റിപ്പോർട്ട്. ആബട്ടാബാദിലെ ഒളിത്താവളത്തില്‍നിന്ന് അമേരിക്കന്‍ സേന പിടിച്ചെടുത്ത രേഖകളിലാണ് ഈ വിവരമുള്ളത്. അമേരിക്കന്‍ സൈന്യത്തിന്‍റെ കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ എ ബി സി ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.
 
യമനിലെ തലസ്ഥാനത്ത് ഖിലാഫത്ത് സ്ഥാപിക്കുവാനുള്ള  അണികളുടെ നീക്കത്തെ ലാദൻ നിരുത്സാഹപെടുത്തുകയും അനുയായി നാസിർ അൽവുഹൈശിയെ ശക്തമായി താക്കീതു നൽകുകയും ചെയ്തിരുന്നു. വ്യക്തമായ പദ്ധതികളില്ലാതെ ഖിലാഫത്ത് സ്ഥാപിക്കാൻ കഴിയില്ല എന്നും നടപ്പിലാക്കാൻ ശ്രമിച്ചാൽ അനന്തരഫലം നഷ്ടങ്ങ‌ളായിരിക്കുമെന്നും ലാദൻ അണിക‌ൾക്കെഴുതിയ കത്തിൽ പറയുന്നുണ്ട്.
 
യമൻ കേന്ദ്രമാക്കി ഖിലാഫത്ത് സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെങ്കിലും ആ നഗരം ആക്രമിക്കാനുള്ള ശക്തി നമുക്കുണ്ടോയെന്ന് തിരിച്ചറിയണമെന്നും ഉറപ്പില്ലാതെ നഗരം പിടിച്ചടക്കാൻ ശ്രമിക്കരുതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. സദ്ദാം ഹുസൈന്റെ കാലത്ത് താലിബാനെ നിലംപരിശാക്കിയത് ഓര്‍മവേണമെന്നും എതിരാളികൾ ശക്തരാണെന്നും ലാദൻ അണികൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. 
 
2011ല്‍ പാകിസ്താനിലെ ആബട്ടാബാദില്‍ അമേരിക്കന്‍ സേനയായ നേവി സീല്‍ ഉസാമയെ കൊലപ്പെടുത്തിയപ്പോള്‍ പിടിച്ചെടുത്ത രേഖകളിലാണ് കത്തിന്റെ വിവരമുള്ളത്. പുതിയ തലമുറ പ്രധാന എതിരാളിയെ മറക്കുന്നുവെന്നും വുഹൈശിക്കെഴുതിയ കത്തിൽ ലാദൻ വ്യക്തമാക്കുന്നു.