ക്ഷുദ്രഗ്രഹം വരുന്നു; വാര്‍ത്താവിനിമയം തകരില്ല

Webdunia
വെള്ളി, 15 ഫെബ്രുവരി 2013 (11:30 IST)
PRO
PRO
കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന 2012 DA14 എന്ന ക്ഷുദ്രഗ്രഹം ഒടുവില്‍ വെള്ളിയാഴ്ച എത്തുകയാണ്. വരാന്‍ പോകുന ക്ഷുദ്രഗ്രഹം ഭൂമിയെ ഇടിച്ച് നാശമാക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നെങ്കിലും ഇത് കുഴപ്പങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നത്. ഇതു ഭൂമിക്കോ രാജ്യാന്തര ബഹിരാകാശ നിലയത്തിനോ വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹങ്ങള്‍ക്കോ പ്രശ്നമൊന്നും സൃഷ്ടിക്കില്ലെന്നും ഗവേഷകര്‍ ഉറപ്പുനല്‍കുന്നു.

ഭൂമിയുടെ 27,680 കിലോമീറ്റര്‍ അടുത്തുകൂടി കടന്നുപോകുന്ന ഷുദ്രഗ്രഹം ഇന്ത്യന്‍ സമയം നാളെ(ശനി) പുലര്‍ച്ചെ 12.55 നാകും ഭൂമിക്ക്‌ തൊട്ടടുത്തെത്തുക. ഭൂമിയുടെ ഇത്ര അരികിലൂടെ മറ്റൊരു ഛിന്നഗ്രഹവും കടന്നുപോയതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 45.6 മീറ്റര്‍ വലിപ്പമുള്ള ഈ കുഞ്ഞന്‍ ഗ്രഹത്തിന് ഒരു ഫുട്ബോള്‍ ഗ്രൌണ്ടിന്റെ പകുതി വലിപ്പം ഉണ്ടാകും.

മണിക്കൂറില്‍ 20,000 കിലോമീറ്ററിനും 30,000 കിലോമീറ്ററിനും ഇടയ്ക്കാണ് ക്ഷുദ്രഗ്രഹത്തിന്റെ വേഗത. ഒരു റൈഫിള്‍ ബുള്ളറ്റിന്റെ വേഗത്തില്‍ കടന്നുപോകുന്നതിനിടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റുന്ന നൂറുകണക്കിന് ഉപഗ്രഹങ്ങളില്‍ ഏതെങ്കിലും ഒന്നിനെ ഇത് ഇടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നഗ്നനേത്രങ്ങള്‍ കൊണ്ട് ക്ഷുദ്രഗ്രഹത്തെ കാണാന്‍ ബുദ്ധിമുട്ടായിരിക്കും എന്നാണ് വിവരം.