പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആക്രമണം നടത്തിയത് വനിത ചാവേറെന്ന് റിപ്പോര്‍ട്ട്.
ഭീകരാക്രമണത്തില്‍ 14 വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ 25 പേരാണ് കൊല്ലപ്പെട്ടത്. നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയായ ലഷ്‌കര്‍-ഇ- ജംഗ്‌വി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പാക് സുരക്ഷാസേന ഒരാഴ്ചമുമ്പ് തങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് സ്‌ഫോടനം നടത്തിയതെന്ന് തീവ്രവാദ സംഘടന വ്യക്തമാക്കി.
ബസ്സില്‍ തങ്ങളുടെ വനിതാ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നും മറ്റ് നാലുപേര്‍ ആശുപത്രിയില്‍ ആക്രമണം നടത്തുകയായിരുന്നെന്നും ലഷ്‌കര്‍-ഇ- ജംഗ്‌വിയുടെ വക്താവ് ക്വറ്റയിലെ പത്രം ഓഫീസുകളില്‍ വിളിച്ചറിയിച്ചിരുന്നു.
യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ്സും തുടര്‍ന്ന് പരുക്കേറ്റ വിദ്യാര്‍ഥിനികളെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയുമാണ് തീവ്രവാദികള്‍ ആക്രമിച്ചത്.