കായല്‍‌വിഴിയെ ലങ്ക പിടിച്ചു, വിട്ടയച്ചു

Webdunia
ശനി, 22 ജനുവരി 2011 (15:25 IST)
ചെന്നൈയില്‍ നിന്ന് ശ്രീലങ്കയിലേക്ക് രഹസ്യദൌത്യവുമായി പോവുകയും ലങ്കന്‍ സൈന്യത്തിന്‍റെ പിടിയിലാവുകയും ചെയ്ത അഭിഭാഷക കായല്‍‌വിഴിയും സഹായിയും മോചിതരായി. അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ കായല്‍‌വിഴിയെ മോചിപ്പിക്കാന്‍ ലങ്കന്‍ സൈന്യം തയ്യാറാകുകയായിരുന്നു.

ലങ്കയിലെ തമിഴ്‌ അഭയാര്‍ത്ഥികളുടെ നിലവിലെ സ്ഥിതി അന്വേഷിച്ചാണ് ജനുവരി 13ന് കായല്‍‌വിഴിയും നാം തമിഴര്‍ പാര്‍ട്ടി എന്ന സംഘടനയുടെ ഭാരവാഹിയായ തിരുമലൈയും ശ്രീലങ്കയിലേക്കുപോയത്. വാവുനിയ ജില്ലയിലെ ഓമന്‍തായി എന്ന സ്ഥലത്തുനിന്ന് ഇവര്‍ തിങ്കളാഴ്ച ശ്രീലങ്കന്‍ സൈന്യത്തിന്‍റെ പിടിയിലാവുകയായിരുന്നു.

നിരോധിത മേഖലയായ മുല്ലിവയ്ക്കലില്‍ ഇവരെ കണ്ടപ്പോള്‍ സംശയം തോന്നിയാണ് ലങ്കന്‍ സൈന്യം പിടികൂടിയത്. പ്രശസ്ത തമിഴ്‌ സാഹിത്യകാരന്‍ ഇറൈക്കുറുവനാറുടെ മകളാണ് കായല്‍‌വിഴി. അറസ്റ്റിലായ ശേഷം ഇവരുടെ വിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നു. ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് എം ഡി എം കെ നേതാവ് വൈകോ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്തയച്ചിരുന്നു.

ഇന്ന് കായല്‍‌വിഴിയും തിരുമലൈയും തിരികെ ചെന്നൈയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.