കാനെ ഹോട്ടല്‍ ജീവനക്കാരി കുടുക്കിയത്!

Webdunia
ശനി, 2 ജൂലൈ 2011 (09:22 IST)
PRO
ഐ‌എം‌എഫ് മുന്‍ മേധാവി ഡൊമനിക്ക് സ്ട്രോസ് കാനെ ഹോട്ടല്‍ ജീവനക്കാരി ലൈംഗികാപവാദ കേസില്‍ കുടുക്കുകയായിരുന്നു എന്ന് കണ്ടെത്തല്‍. ഹോട്ടല്‍ ജീവനക്കാരിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന പ്രോസിക്യൂഷന്‍ വാദം ശരിവച്ച കോടതി സ്ട്രോസ് കാനെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചു.

ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ വച്ച് സ്ട്രോസ് കാനും ഹോട്ടല്‍ ജീവനക്കാരിയും തമ്മില്‍ പരസ്പര സമ്മതത്തോടു കൂടിയ ലൈംഗിക ബന്ധമാണ് നടന്നത്. എന്നാല്‍, ബന്ധപ്പെട്ടതിനു ശേഷം തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന് ആരോപണം ഉന്നയിച്ച് പണം പിടുങ്ങാനാണ് ഗിനിയക്കാരിയായ ഹോട്ടല്‍ ജോലിക്കാരി ശ്രമിച്ചത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

സംഭവം നടന്നതിന് അടുത്ത ദിവസം ഹോട്ടല്‍ ജോലിക്കാരി തനിക്ക് കാന്‍ മൂലം ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക നേട്ടങ്ങളെ കുറിച്ച് മറ്റൊരാളുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണം റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

എന്നാല്‍, ലൈംഗികാപവാദത്തില്‍ പെട്ട കാന്‍ ഐ‌എം‌എഫ് നേതൃത്വത്തില്‍ നിന്ന് രാജി വച്ചൊഴിഞ്ഞിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ട ആളായിരുന്നു സ്ട്രോസ് കാന്‍. എന്നാല്‍, ലൈംഗികാപവാദം പ്രതിച്ഛായ തകര്‍ത്ത കാന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നാണ് സൂചന.