കാട്ടുതീ: മരണസംഖ്യ 171 ആയി

Webdunia
ചൊവ്വ, 10 ഫെബ്രുവരി 2009 (12:24 IST)
ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ പെട്ട് മരിച്ചവരുടെ എണ്ണം 171 ആയി. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മെല്‍ബണിനടുത്തുള്ള ചെറുപട്ടണങ്ങളെല്ലാം കാട്ടുതീയില്‍ നശിച്ചു. ചിലയിടങ്ങളില്‍ അക്രമികള്‍ മനഃപൂര്‍വം തീയിടുന്നുണ്ടോ എന്നും പൊലീസ്‌ സംശയിക്കുന്നുണ്ട്‌. വീടുകള്‍ക്കു തീപിടിച്ചും രക്ഷപ്പെടാനുള്ള പാച്ചിലിനിടെ കാറിനു തീപിടിച്ചുമാണ്‌ അധികമാളുകളും മരിച്ചത്‌.

സംഭവത്തക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന്‌ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റുഡ്‌ പറഞ്ഞു. ഇതിനു പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ ജനവാസ പ്രദേശങ്ങളിലേക്കും തീ പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.രണ്ടു ലക്ഷം ഹെക്ടര്‍ പ്രദേശം കത്തിനശിച്ചതായാണ് കണക്കാക്കുന്നത്. എഴുന്നൂറോളം വീടുകളും കത്തിനശിച്ചു.

അന്തരീക്ഷ താപനം വര്‍ധിച്ചതും ശക്തമായ കാറ്റടിക്കുന്നത് മൂലവുമാണ് തീ പടര്‍ന്ന് പിടിച്ചത്. 1983-ല്‍ വിക്ടോറിയയിലുണ്ടായ അഗ്നിബാധയില്‍ 75 പേര്‍ മരിക്കുകയും 3000 വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. തീയണക്കാന്‍ സൈന്യവും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.