കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥതവഹിക്കാന്‍ താല്പര്യമില്ലെന്ന് യുഎസ് ആവര്‍ത്തിച്ചു വ്യക്തമാക്കി. പ്രശ്നത്തില്‍ ഇടപെടാന്‍ താല്പര്യമില്ലെന്നും അതേസമയം ഇരു രാജ്യങ്ങളിലെയും നേതാക്കളെ ചര്‍ച്ചകള്‍ക്കായി പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാണെന്നും വൈറ്റ്‌ഹൌസ് വക്താവ് പറഞ്ഞു.
യുഎസ് കശ്മീര്‍ പ്രശ്നത്തില്‍ മാധ്യസ്ഥം വഹിക്കാന്‍ ആഗ്രഹിക്കുന്നില്ല. ചരിത്രപരമായ പ്രശ്നത്തെ നേരിടേണ്ടത് ഇന്ത്യയും പാകിസ്ഥാനുമാണ് എന്നും വൈറ്റ്‌ഹൌസ് വക്താവ് മൈക്ക് ഹാമര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഇരു രാജ്യങ്ങളെയും ചര്‍ച്ചകള്‍ക്കായി പ്രോത്സാഹിപ്പിക്കുകയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം നിലനില്‍ക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുക മാത്രമാണ് യുഎസിനു ചെയ്യാന്‍ കഴിയുക. ഇക്കാര്യം ഒബാമ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും അറിയിച്ചിട്ടുള്ളതായും വൈറ്റ്‌ഹൌസ് വക്താവ് പറഞ്ഞു.
കശ്മീര്‍ പ്രശ്നത്തില്‍ യുഎസ് മധ്യസ്ഥതവഹിക്കണം എന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, കശ്മീര്‍ പ്രശ്നത്തില്‍ യുഎസ് മാധ്യസ്ഥം ആവശ്യമില്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്.