കര്‍സായിയുടെ വസതിക്ക് നേരെ മിസൈലാക്രമണം

ചൊവ്വ, 18 ഓഗസ്റ്റ് 2009 (10:51 IST)
അഫ്ഗാനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ ഔദ്യോഗിക വസതിക്ക് നേരെ മിസൈലാക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതാ‍യി റിപ്പോര്‍ട്ടില്ല. കാബൂളിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന് നേരെയും ആക്രമണമുണ്ടായി.

വ്യാഴാഴ്ച നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് താലിബാന്‍ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് ആക്രമണം. രണ്ട് ദിവസം മുന്‍പ് കാബൂളിലെ നാറ്റോ ആസ്ഥാനത്തിന് പുറത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. പോളിംഗ് സ്റ്റേഷനുകള്‍ ആക്രമിക്കുമെന്ന് താലിബാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം ഇന്നലെ അവസാനിച്ചു. പ്രസിഡന്‍റ് ഹമീദ് കര്‍സായിയും മുന്‍ വിദേശകാര്യമന്ത്രി അബ്ദുള്ള അബ്ദുള്ളയും തമ്മിലാണ് പ്രധാന മത്സരം. തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്ന് അബ്ദുള്ള ആത്മവിശ്വാസം പ്രകടിപ്പീച്ചിട്ടുണ്ട്. കര്‍സായി വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ആദ്യഘട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഒക്ടോബറില്‍ വീണ്ടു തെരഞ്ഞെടുപ്പ് നടക്കും.

വെബ്ദുനിയ വായിക്കുക