കബളിപ്പിക്കല്‍: ഇന്ത്യന്‍ വംശജര്‍ക്ക് ശിക്ഷ

Webdunia
വെള്ളി, 6 ജൂണ്‍ 2008 (10:38 IST)
ബ്രിട്ടനിലെയും അമേരിക്കയിലെയും ബാങ്കുകളെ കബളിപ്പിച്ചതിന് മൂന്ന് ഇന്ത്യന്‍ വംശജരായ ബിസിനസുകാരെ 25 വര്‍ഷം തടവിന് ശിക്ഷിച്ചു. ലോക വ്യാപകമായി ലോഹ വ്യാപാരം നടത്തുന്നുവെന്ന നാട്യത്തില്‍ 300 ദശലക്ഷം പൌണ്ട് ബാങ്കുകളെ കബളിപ്പിച്ചു എന്നാണ് ഇവരുടെ പേരിലുള്ള കുറ്റം.

വീരേന്ദ്ര രസ്തോഗി(39) ആനന്ദ് ജയിന്‍(43) ഗൌതം മജൂംദാര്‍(57) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ആര്‍ ബി ജി റിസോഴ്സസ് എന്ന ലോഹ വ്യാപാര കമ്പനിയുടെ മുന്‍ ഡയറക്ടര്‍മാരാ‍ണിവര്‍. ഇവര്‍ കുറ്റക്കാരാണെന്ന് ഏപ്രില്‍ 23 ന് കണ്ടെത്തിയിരുന്നു.

പ്രതികള്‍ ബ്രിട്ടനിലെയും അമേരിക്കയിലെയും ബാങ്കുകളെയും , ഇരു രാജ്യങ്ങളിലെയും ലോഹ വ്യവസായത്തെയും അക്കൌണ്ടന്‍സി കമ്പനികളെയും കബളിപ്പിച്ചുവെന്ന് വിധിം പ്രസ്താവിച്ച് കൊണ്ട് ജഡ്ജി ജെയിംസ് വാഡ്സ്‌വര്‍ത്ത് പറഞ്ഞു. രസ്തോഗിയെ ഒന്‍പത് വര്‍ഷവും ആറ് മാസത്തേക്കുമാണ് ശിക്ഷിച്ചത്, ജയിനിനെ എട്ട് വര്‍ഷവും ആറ് മാസത്തേക്കും ശിക്ഷിച്ചപ്പോള്‍ മജൂം‌ദാറിനെ ഏഴ് വര്‍ഷവും ആറ് മാസത്തേക്കും ആണ് ശിക്ഷിച്ചത്.

ഇതിന് പുറമെ മൂന്ന് പേരും കമ്പനി ഡയറക്ടര്‍മാര്‍ ആകുന്നതില്‍ നിന്നും വിവിധ കാലയളവിലേക്ക് വിലക്കിയിട്ടുണ്ട്. രസ്തോഗിയെ 15 വര്‍ഷവും ജയിനിനെയും മജൂംദാറിനെയും 10 വര്‍ഷവും ആണ് വിലക്കിയിട്ടുള്ളത്.