കടല്‍ക്കൊല: വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി

Webdunia
വ്യാഴം, 27 മാര്‍ച്ച് 2014 (11:01 IST)
PTI
PTI
കടല്‍ക്കൊലക്കേസില്‍ ഇന്ത്യയിലെ വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി. ഇറ്റാലിയന്‍ നാവികരുടെ വിചാരണ വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് ഇറ്റലി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ നയതന്ത്രപ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുര ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നാളത്തെ വിചാരണയില്‍ ഹാജരാകില്ല എന്നും വ്യക്തമാക്കി.

ഇറ്റാലിയന്‍ പാര്‍ലമെന്റ് കമ്മിറ്റിയിലാണ് മിസ്തുര ഇക്കാര്യം അറിയിച്ചത്. വിചാരണ വേണ്ട എന്ന ഇറ്റലിയുടെ മുന്‍നിലപാടില്‍ മാറ്റമില്ല. ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുമെന്നും ഇറ്റലി വ്യക്തമാക്കിയിട്ടുണ്ട്.

നാവികരുടെ വിചാരണയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നിലപാട് നിഷേധാത്മകമാണെന്നാണ് ഇറ്റലിയുടെ വിലയിരുത്തല്‍. പ്രശ്‌നം നീണ്ടുപോയാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാകുമെന്ന് ഇറ്റലി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധ സൂചകമായി ഇറ്റലി നയതന്ത്ര പ്രതിനിധിയെ പിന്‍വലിച്ചിരുന്നു.