അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ബീജം സ്വീകരിക്കുന്ന ഓസ്ട്രേലിയന്‍ വനിതകളുടെ എണ്ണം വര്‍ധിക്കുന്നു. ഓസ്ട്രേലിയയിലെ പുരുഷന്മാര്‍ ബീജം ദാനം ചെയ്യാന്‍ വിമുഖത കാണിക്കുന്നതിനാലാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ തങ്ങളുടെ അച്ഛന്മാരെ എളുപ്പത്തില്‍ കണ്ടുപിടിക്കും എന്ന ഭയം മൂലമാണ് ഓസ്ട്രേലിയയിലെ പുരുഷന്മാര്‍ പിന്നോട്ട് വലിയുന്നത്. 2011 ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന നിയമമാണ് പുരുഷന്മാരുടെ പിന്മാറ്റത്തിന് കാരണമായി കണക്കാക്കുന്നത്. 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് തങ്ങളുടെ അച്ഛന്മാരെ കണ്ടെത്തുന്നതിന് സഹായകരമായ വിവരങ്ങള്‍ ബീജം ദാനം ചെയ്യുന്നവര്‍ നല്‍കണം എന്നാണ് നിയമത്തില്‍ പറയുന്നത്.
ബീജം ദാനം ചെയ്യാന്‍ സന്നദ്ധരാകുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ക്ലിനിക്കുകള്‍ സാക്‍ഷ്യപ്പെടുത്തുന്നു. ഇതിന് താല്പര്യം കാണിക്കുന്ന അമ്പതോളം പേര്‍ മാത്രമേ ഇന്ന് രാജ്യത്തുള്ളൂ. അതിനാല്‍ യു എസില്‍ നിന്ന് ബീജം ശേഖരിക്കാന്‍ ക്ലിനിക്കുകള്‍ നിര്‍ബന്ധിതരാകുകയാണ്.