ഒബാമ ആദ്യ ബജറ്റ് അവതരിപ്പിച്ചു

Webdunia
വെള്ളി, 27 ഫെബ്രുവരി 2009 (09:38 IST)
അടുത്ത സമ്പത്തിക വര്‍ഷത്തേയ്ക്കുള്ള അമേരിക്കയുടെ 3.6 ലക്ഷം കോടി ഡോളറിന്‍റെ ബജറ്റ് പ്രസിഡന്‍റ് ബരാക് ഒബാമ അവതരിപ്പിച്ചു. ഒബാമയുടെ ആദ്യ ബജറ്റവതരണമാണ് നടന്നത്. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള തന്ത്രങ്ങളാണ് ഒബാമയുടെ ആദ്യ ബജറ്റിലുള്ളത്. 1.75 ലക്ഷം കോടി ഡോളറിന്‍റെ റവന്യൂ കമ്മി രേഖപ്പെടുത്തുന്ന ബജറ്റ്‌ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയില്‍ അവതരിപ്പിക്കുന്ന ഏറ്റവും വലിയ ബജറ്റാണ്‌.

ആരോഗ്യ മേഖലയ്ക്കാണ് ബജറ്റില്‍ മുന്‍‌ഗണന. 63,400 കോടി ഡോളര്‍ ആണ്‌ ആരോഗ്യ സുരക്ഷയ്ക്കായി ഒബാമ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്‌. ബാങ്കുകളുടെ രക്ഷയ്ക്കായി 25000 കോടി ഡോളര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറാഖ്‌ -അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ക്കായി 20,000കോടി ഡോളറും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌ ബജറ്റിന്‍റെ രൂപരേഖയാണെന്നും വിശദവിവരങ്ങള്‍ ഏപ്രിലില്‍ പുറത്തു വിടുമെന്നും ബജറ്റവതരിപ്പിച്ച ശേഷം ഒബാമ പറഞ്ഞു. വലിയ സാമ്പത്തിക ശേഷിയുള്ളവര്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നികുതി കുറയ്ക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണിത്‌.