ഒബാമയ്ക്ക് നൊബേല്‍: താലിബാന്‍ അപലപിച്ചു

Webdunia
ശനി, 10 ഒക്‌ടോബര്‍ 2009 (09:39 IST)
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് സമാധാന നൊബേല്‍ നല്‍കിയതിനെ താലിബാന്‍ അപലപിച്ചു. ഒബാമയുടെ നയങ്ങള്‍ക്ക് അഫ്ഗാനില്‍ സമാധാനം കൊണ്ടുവരാനാകില്ലെന്ന് താലിബാന്‍ പറഞ്ഞു. അഫ്ഗാനില്‍ സമാധാ‍നം കൊണ്ടുവരുന്നതിനേക്കാള്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാണ് ഒബാമ താല്പര്യം കാണിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ മുന്‍‌ഗാമികളുടെ നയം തന്നെയാണ് ഒബാമയും പിന്തുടരുന്നതെന്നും താലിബാന്‍ ആരോപിച്ചു.

“സമാധാനത്തിനുള്ള അദ്ദേഹത്തിന്‍റെ നയത്തില്‍ ഒരു മാറ്റവും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. അഫ്ഗാനില്‍ സമാധാനത്തിനായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല” - താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന വാഗ്ദാനം അദ്ദേഹം പാലിക്കുമെന്ന് കരുതി. എന്നാല്‍, അദ്ദേഹം ഒരുമാറ്റവും കൊണ്ടുവന്നില്ല. മാത്രവുമല്ല മുന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷിന്‍റെ നയം പിന്തുടരുക മാത്രമാണ് അദ്ദേഹം ചെയ്തെന്ന് വക്താവ് പറഞ്ഞു.