ഒബാമയുടെ പ്രസ്താവനയ്ക്കെതിരെ ചൈന

Webdunia
ചൊവ്വ, 29 ജൂണ്‍ 2010 (17:38 IST)
ഉത്തര കൊറിയയുടെ നടപടികള്‍ ബീജിംഗ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ പ്രസ്താവനയ്ക്കെതിരെ ചൈന രൂക്ഷമായി പ്രതികരിച്ചു. ഒബാമയുടെ പ്രസ്താവന നിരുത്തരവാദ പരവും അല‌ക്‍ഷ്യവുമാണെന്നാണ് ചൈനയുടെ ദേശീയ മാധ്യമം അഭിപ്രായപ്പെട്ടത്.

കഴിഞ്ഞയാഴ്ച കാനഡയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഒബാമ ഉത്തരകൊറിയയോടുള്ള ചൈനീസ് സമീപനത്തെ വിമര്‍ശിച്ചിരുന്നത്. പ്യോജിയാംഗിന്‍റെ തെമ്മാടിത്തത്തോട് ചൈന ബോധപൂര്‍വം കണ്ണടയ്ക്കുകയാണെന്നായിരുന്നു ഒബാമ അഭിപ്രായപ്പെട്ടത്. പ്രമുഖ ഇംഗ്ലീഷ് ഭാഷ ദിനപ്പത്രമായ ഗ്ലോബല്‍ ടൈംസും ഒബാമയുടെ നടപടിയെ വിമര്‍ശിച്ചു.

ഉത്തര കൊറിയയുടെ ആയുധ നിരായുധീകരണം സംബന്ധിച്ച ആറ് രാഷ്ട്രങ്ങളുടെ ചര്‍ച്ചയ്ക്ക് ചൈനയാണ് ആതിഥേയത്വം വഹിക്കുന്നതെന്ന കാര്യം പത്രം ഓര്‍മ്മിപ്പിച്ചു. ചൈനയല്ല, മറ്റ് രാഷ്ട്രങ്ങളാണ് പ്യോജിയാംഗിന് നേരെ കണ്ണടയ്ക്കുന്നതെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള പത്രം അഭിപ്രായപ്പെട്ടു.

ദക്ഷിണ കൊറിയന്‍ യുദ്ധകപ്പല്‍ മുക്കുകയും 46 നാവികര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന് ശേഷം ഉത്തരകൊറിയയ്ക്ക് മേല്‍ യുഎസ് സെന്‍‌ഷ്വര്‍ നടപ്പിലാക്കാന്‍ വാഷിംഗ്‌ടണും സോളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യുഎന്‍ സുരക്ഷാ കൌണ്‍സില്‍ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.