എങ്ങുമെത്താതെ ജി20 ഉച്ചകോടി: യുദ്ധ ദാഹവുമായി അമേരിക്ക

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2013 (14:11 IST)
PRO
ജി20 ഉച്ചകോടി സമാപിച്ചു. സിറിയന്‍ വിഷയത്തില്‍ നടപടിയെടുക്കുന്നതിനെക്കുറിച്ച് ഉച്ചകോടിയില്‍ ഭിന്നതയാണ് ഉണ്ടായത്. അമേരിക്കയും റഷ്യയുമാണ് ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ഭിന്നത പ്രകടിപ്പിച്ചത്. അമേരിക്ക സൈനിക നടപടി വേണമെന്ന കടുത്ത നിലപാടിലാണ്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും തമ്മില്‍ നടന്ന ചര്‍ച്ച പരാജയമായിരുന്നു. അമേരിക്കയ്ക്ക് പത്ത് രാജ്യങ്ങള്‍ പിന്തുണയായി എത്തിയെങ്കിലും ഇന്ത്യ സിറിയയെ ആക്രമിക്കുന്നതിന് എതിരെയുള്ള നിലപാടായിരുന്നു കൈക്കൊണ്ടത്.

സിറിയയോട് യുദ്ധം നടത്തുകയാണെങ്കില്‍ ലോകസാമ്പത്തിക രംഗം തകിടംമറിക്കുമെന്നും എണ്ണവില കുതിച്ചുയരാന്‍ ഇടയാക്കുമെന്നും ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആശങ്കപ്പെട്ടു. യുഎന്‍ അനുമതിയില്ലാതെ സൈനിക നടപടിയെടുക്കരുതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ബാന്‍ കി മൂണ്‍ ജി 20 നേതാക്കളോട് ആവശ്യപ്പെട്ടു.

PRO
അതേ സമയം യു‌എന്‍ അനുമതിക്ക് കാത്തിരിക്കാതെ സൈനികനടപടിക്ക് മുതിരുമെന്നാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. അമേരിക്ക യുദ്ധം തുടങ്ങുകയാണെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സിറിയ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ മുന്നില്‍ മുട്ടുമടക്കില്ലെന്ന് സിറിയ വ്യക്തമാക്കിരുന്നു.

സിറിയയ്ക്ക് പിന്തുണയായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. സിറിയയെ ആക്രമിച്ചാല്‍ അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാനിലും ഇറാഖിലും അനുഭവപ്പെട്ട തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. സിറിയയ്ക്ക് പരിപൂര്‍ണ പിന്തുണ വരും ദിനങ്ങളില്‍ നല്‍കുമെന്നും ഇറാന്‍ വ്യക്തമാക്കി.

അതേ സമയം അമേരിക്കന്‍ പ്രസിഡന്റ് ഒബാമ അമേരിക്കന്‍ ജനതയെ യുദ്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്നാണ് വൈറ്റ്‌ഹൌസില്‍ നിന്നും ലഭിക്കുന്ന വിവരം.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്