ഉ.കൊറിയ-ഐ എ ഇ എ ധാരണ

Webdunia
ആണവ റിയാക്ടര്‍ അടച്ച് പുട്ടുന്നതുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി(ഐ എ ഇ എ) യുമായി ധാരണയിലെത്തി. ആണവ റിയാക്ടര്‍ അടച്ച് പൂട്ടുന്നത് നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ധാരണയിലെത്തിയിട്ടുള്ളത്. യോങ് ബ്യോങിലെ റിയാക്ടര്‍ അടച്ച് പുട്ടുന്നതിനുള്ള തീയതി ഷഡ്കക്ഷി ചര്‍ച്ചയില്‍ തീരുമാനിക്കുമെന്നും യു എന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

യോങ് ബ്യോങ് അണവ റിയാക്ടര്‍ അടച്ചു പൂട്ടുന്നതും അത് നിരീക്ഷിക്കുന്നത് എപ്രകാരമായിരിക്കണമെന്നതും സംബന്ധിച്ച് ജങ്ങള്‍ ധാരണയിലെത്തി- ഐ എ ഇ എയുടെ ആണവ സുരക്ഷാ ഡയറക്ടര്‍ ഒല്ലി ഹൈനോനെന്‍ ബെയ്ജിംഗില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഐ എ ഇ എ പരിശോധക സംഘം യോങ് ബ്യോങിലെ ആണവ റിയാക്ടര്‍ സന്ദര്‍ശിച്ചിരുന്നു. 2002 ഡിസംബറിന് ശേഷം ആദ്യമായാണ് ഐ എ ഇ എ പരിശോധക സംഘം റിയാക്ടര്‍ സന്ദര്‍ശിക്കുന്നത്.

2002 ല്‍ ഐ എ ഇ എ പരിശോധകരെ ഉത്തര കൊറിയ പുറത്താക്കിയിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്‍‌വാങ്ങുകയും തങ്ങള്‍ക്ക് ആണവായുധമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആണവ പരിക്ഷണവും നടത്തുകയുണ്ടാ‍യി.

ഫെബ്രുവരിയില്‍ ബീജിംഗില്‍ നടന്ന ഷഡ്കക്ഷി ചര്‍ച്ചയില്‍ ആണവ പദ്ധതി നിര്‍ത്തിവയ്ക്കാമെന്ന് ഉത്തര കൊറിയ ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍, ഒരു ബാങ്ക് അക്കൌണ്ട് മരവിപ്പിക്കപെട്ടതിനെ തുടര്‍ന്ന് വഗ്ദാനത്തില്‍ നിന്ന് പിന്‍‌വാങ്ങുകയായിരുന്നു.

എന്നാല്‍, മരവിപ്പിക്കപ്പെട്ട തുക മടക്കി നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് വീണ്ടും ആണവ പരിശോധകരെ റിയാക്ടറില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയത്.