ഇ-മെയിലിന്റെ ഉപജ്‌ഞാതാവ് റേ ടോംലിന്‍സണ്‍ (74) അന്തരിച്ചു. 1970കളിലാണ് കമ്പ്യൂട്ടറില്‍നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് സന്ദേശങ്ങള്‍ അയയ്‌ക്കാനുള്ള സാങ്കേതിക വിദ്യ ടോംലിന്‍സണ്‍ കണ്ടുപിടിച്ചത്.
മസാചുസെറ്റ്‌സ് സര്‍വകലാശാലയില്‍നിന്ന് ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മാസ്‌റ്റര്‍ ബിരുദമെടുത്ത ശേഷമാണ് ബോള്‍ട്ട്(ബെറാനെക് ആന്‍ഡ് ന്യൂമാന്‍) കമ്പനിയില്‍ ടോംലിന്‍സണ്‍ ചേര്‍ന്നത്. ആര്‍പാനെറ്റിനുവേണ്ടി ടെല്‍നെക്‌സ് എന്ന കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്‌റ്റം തയാറാക്കുന്ന ദൗത്യത്തിലായിരുന്നു അന്നു ടോംലിന്‍സണ്‍. ഇ-മെയില്‍ ഒരുക്കുക അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായിരുന്നില്ല. അതിനാലാല്‍ സഹപ്രവര്‍ത്തകന്‍ ജെറി ബര്‍ച്‌ഫീലിനോട് പുതിയ കണ്ടെത്തല്‍ മറച്ചുവയ്‌ക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.
എസ് എം എസ് അടക്കമുള്ള എല്ലാ ഇലക്‌ട്രോണിക് സന്ദേശങ്ങളുടെയും തുടക്കം ടോംലിന്‍സണ്‍ തുടക്കമിട്ട ഈ വിപ്ലവത്തിനു ശേഷമായിരുന്നു. തന്റെ കണ്ടുപിടിത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നാല്‍ തന്റെ ജോലി നഷ്‌ടപ്പെടുമെന്ന ഭയം ഇതിനിടയിലും അദ്ദേഹത്തിനുണ്ടായിരുന്നു.
ആദ്യമായി കുറിച്ച സന്ദേശമെന്തെന്നുപോലും ടോംലിന്‍സണ് ഓര്‍മയില്ലായിരുന്നു. രണ്ട് പതിറ്റാണ്ട് കഴിഞ്ഞാണു ടോംലിന്‍സണിന്റെ കണ്ടുപിടിത്തമായ ഇ മെയില്‍ വ്യാപകമായത്.
ആര്‍പാനെറ്റിലൂടെ ഫയലുകള്‍ കൈമാറാനുള്ള പ്രോഗ്രാം തയാറാക്കിയതോടെയാണ് ടോംലിന്‍സണ്‍ ശ്രദ്ധനേടിയത്. പിന്നീട് എസ് എന്‍ ഡി എം എസ് ജി എന്ന പ്രോഗ്രാമില്‍ തിരുത്തല്‍ വരുത്താനുള്ള ദൗത്യവും ടോംലിന്‍സണു ലഭിച്ചു. ഈ രണ്ട് പ്രോഗ്രാമുകളും കൂട്ടിച്ചേര്‍ത്താണ് അദ്ദേഹം ഇ മെയില്‍ സംവിധാനത്തിനു തുടക്കമിട്ടത്.