ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

Webdunia
ചൊവ്വ, 14 ജൂണ്‍ 2016 (16:09 IST)
ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യു എസ് നേതൃത്വത്തിലുള്ള സേന നടത്തിയ വ്യോമാക്രമണത്തിലാണ് മരണമെന്നാണ് ലഭ്യമായ വിവരം. അറബിക് ന്യൂസ് ഏജന്‍സിയായ അല്‍ അമാഖാണ് അബൂബക്കറിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
ഐ എസിന്റെ ഖലീഫ ബഗ്ദാദി ഞായറാഴ്ച നടന്ന വടക്കന്‍ സിറിയയിലെ വ്യോമാക്രമണത്തിൽ റമസാനിലെ അഞ്ചാം ദിവസം കൊല്ലപ്പെട്ടതായി അമാഖ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഇതേകുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ യു എസ് നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ വക്താവ് തയാറായില്ല.
 
ബാഗ്ദാദി മൊസൂളിലേക്ക് കടന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചെന്ന് യുഎസ് പ്രതിരോധ സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി സിഎന്‍എന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള വിവരം ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
 
ബഗ്ദാദി കൊല്ലപ്പെട്ടെന്നും ഗുരുതരമായി പരുക്കേറ്റെന്നും ഇതിനു മുൻപും പലതവണ റിപ്പോർട്ടുകൾ വന്നിരുന്നു. 2015 ഏപ്രിലിൽ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഇറാൻ റേഡിയോയിൽ വാർത്ത വന്നിരുന്നു. അതുപോലെ ആക്രമണത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ ബഗ്ദാദി ദൈനംദിനകൃത്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്തവിധത്തില്‍ കിടപ്പിലാണെന്ന് ബ്രിട്ടിഷ് പത്രമായ ഗാർഡിയന്‍ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article