ഇറ്റലിയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണം പതിനേഴായി. ചൊവ്വാഴ്ചയാണ് ഇറ്റലിയുടെ വടക്കന്‍, മധ്യ മേഖലകളില്‍ ശക്തമായ ഭൂകമ്പം ഉണ്ടായത്. സംഭവത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പതിനഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരു ഫാക്ടറി കെട്ടിടത്തില്‍ നിന്ന് ബുധനാഴ്ച രാവിലെ രണ്ടു ജീവനക്കാരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭൂകമ്പത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്കു പരുക്കേറ്റു.
റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. സംഭവത്തില്‍ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. 14,000 പേരാണ് ഭവനരഹിതരായത്. വെനീസ്, പിസ, മിലാന്‍, ബലോണ്യ നഗരങ്ങളിലാണ് ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടത്.
ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിയതായാണ് സൂചന. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മെയ് ഇരുപതിന് ഈ മേഖലകളില്‍ ഉണ്ടായ ഭൂചലനത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു.