വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ ഒരു യാത്രാ വിമാനം തകര്‍ന്ന് വീണ് 72 യാത്രക്കാര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 34 പേര്‍ പരുക്കുകളോടെ രക്ഷപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച രാത്രി ടെഹ്‌റാനില്‍ നിന്ന് ഉറുമിയയിലേക്ക് പോയ ഇറാന്‍ എയറിന്റെ ബോയിംഗ് - 727 വിമാനമാണ് തകര്‍ന്ന് വീണത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി വിമാനം നിലത്തിറക്കാന്‍ തുടങ്ങുമ്പോഴാണ് വിമാനം പലകഷണങ്ങളായി തകര്‍ന്ന് വീണത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് പൈലറ്റുമാര്‍ കണ്ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നു എന്ന് ‘മെഹര്‍’ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറുമിയയില്‍ രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു എങ്കിലും കനത്ത മഞ്ഞുമഴ വിഘാതമായി. പെട്ടെന്ന് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
പിന്നീട്, ഉറുമിയയ്ക്ക് 15 കിലോമീറ്റര്‍ അകലെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. തുര്‍ക്കി - ഇറാന്‍ അതിര്‍ത്തിയിലാണ് വിമാനം തകര്‍ന്ന് വീണത്.