ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

Webdunia
ചൊവ്വ, 18 ജനുവരി 2011 (18:17 IST)
നാല് വയസ്സുകാരിയായ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ദുബായില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. സ്കൂള്‍ ബസിലെ ഡ്രൈവറും കണ്ടക്ടറും മറ്റൊരാളും ചേര്‍ന്നാണ് പിഞ്ചു കുഞ്ഞിനെ ലൈംഗിക ക്രൂരതയ്ക്ക് ഇരയാക്കിയത് എന്ന് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

ദുബായിലെ ‘മോഡേണ്‍ ഹൈസ്കൂള്‍’ വിദ്യാര്‍ത്ഥിനിയെ ആണ് മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സ്കൂളില്‍ ബാലദിനം ആഘോഷിച്ച നവംബര്‍ 11 ന് ആയിരുന്നു സംഭവം നടന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ദമ്പതികളുടെ മകള്‍ക്കാണ് ഈ ദുര്യോഗം സംഭവിച്ചത്.

നവംബര്‍ 11 ന് പ്രതീക്ഷിച്ചതിലും താമസിച്ചാണ് കുട്ടിയെ സ്കൂള്‍ ബസില്‍ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ കുട്ടി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് സൂചനകള്‍ ഒന്നും നല്‍കിയിരുന്നില്ല. കുട്ടിയുടെ വസ്ത്രം മാറ്റുമ്പോള്‍ രക്തത്തിന്റെ കറകള്‍ ശ്രദ്ധിച്ചിരുന്നു എന്ന് മാതാവ് പറഞ്ഞു.

സംഭവ ദിവസം മുതല്‍ കുട്ടി വളരെയധികം ഭയക്കുന്നത് മാതാപിതാക്കള്‍ ശ്രദ്ധിച്ചു. ഉറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ മാതാപിതാക്കള്‍ സംശയത്തിന്റെ പേരില്‍ രക്തം പുരണ്ട വസ്ത്രങ്ങളുമായി ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് എത്തി. എന്നാല്‍, തങ്ങളുടെ കുഞ്ഞിനെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്ന നിഗമനത്തിലാണ് ഡോക്ടര്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ അത് ശരിവയ്ക്കുകയും ചെയ്തു.

കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ഡ്രൈവര്‍ അതേ ട്രാന്‍സ്പോര്‍ട്ടിംഗ് കമ്പനിയില്‍ കഴിഞ്ഞ 10 വര്‍ഷങ്ങളായി ജോലിനോക്കി വരികയാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി സ്കൂള്‍ കുട്ടികളെ വീട്ടിലെത്തിക്കുന്ന ആളാണ് അറസ്റ്റിലായ കണ്ടക്ടര്‍.