അറഫാത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് പലസ്തീന്‍

Webdunia
വെള്ളി, 8 നവം‌ബര്‍ 2013 (09:05 IST)
PRO
യാസര്‍ അറഫാത്തിന്റെ മരണത്തെ കുറിച്ച് അന്താരാഷ്ട്രതലത്തില്‍ അന്വേഷണം വേണമെന്ന് പലസ്തീന്‍. പൊളോണിയം എന്ന വിഷവസ്തു അകത്തുചെന്നതാണ് മരണത്തിനിടയാക്കിയതെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പൊളോണിയമെന്ന പദാര്‍ഥം രാജ്യങ്ങളുടെ കൈവശം മാത്രമേയുള്ളൂ. വ്യക്തികള്‍ക്ക് ഇത് ലഭിക്കില്ല.രാജ്യമാണ് കൊല നടത്തിയതെന്നാണ് ഇത് നല്‍കുന്ന സൂചന. അറഫാത്തിന്റെ മരണത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണംമെന്നും പലസ്തീന്‍ വിമോചനസംഘടനയംഗം വാസെല്‍ അബു യൂസഫ് പറഞ്ഞു.

പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. മരണത്തെ കുറിച്ച് അന്വേഷിച്ച പലസ്തീന്‍ സമിതി വെള്ളിയാഴ്ച രാമള്ളയില്‍ മാധ്യമസമ്മേളനം വിളിച്ചിട്ടുണ്ട്.

2004 നവംബര്‍ 11-നാണ് അറഫാത്ത് അന്തരിച്ചത്. മരണകാരണം കണ്ടെത്താന്‍ അന്ന് ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. അറഫാത്തിന്റെ വിധവ സുഹയുടെ അഭ്യര്‍ഥനപ്രകാരം, പോസ്റ്റ്‌മോര്‍ട്ടവും നടത്തിയില്ല. 2012 നവംബറില്‍ മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി പുറത്തെടുത്തു സാമ്പിളുകളും ശേഖരിച്ചു.