അമ്മ കുഞ്ഞിനെ കൊന്നു; കാമുകന്‍ ഓണ്‍ലൈനില്‍ കണ്ടു

Webdunia
ശനി, 7 ജനുവരി 2012 (16:26 IST)
ഒരു വയസ്സ് പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. ഈ ദൃശ്യങ്ങള്‍ സ്ത്രീയുടെ കാമുകന്‍ ഇന്റര്‍നെറ്റിലൂടെ ലൈവായി കാണുന്നുമുണ്ടായിരുന്നു.

നോര്‍വെക്കാരിയായ യാസ്മിന്‍ ചൌധരിയാണ് കുഞ്ഞിനെ കുരുതികൊടുത്തത്. ബ്രിട്ടീഷുകാരനായ കാമുകന്റെ നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് ഈ സ്ത്രീ പൊലീസിനോട് പറഞ്ഞത്. കുഞ്ഞിനെ കൊല്ലാന്‍ വേണ്ടിയല്ല താന്‍ ബക്കറ്റിലെ വെള്ളത്തില്‍ ഇറക്കി നിര്‍ത്തിയതെന്നും അച്ചടക്കം പഠിപ്പിക്കാനായിരുന്നു ഇങ്ങനെ ചെയ്തതെന്നുമാണ് 26-കാരിയായ യാസ്മിന്‍ പറയുന്നത്. അതേസമയം കുഞ്ഞിനെ കൊല്ലാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കാമുകനും മൊഴി നല്‍കി.

കുഞ്ഞ് അബദ്ധത്തില്‍ വെളളത്തില്‍ വീണു എന്നാണ് യാസ്മിന്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. പിന്നീട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ പുറത്തായത്. കാമുകനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. യാസ്മിനും ഇയാളും ഒരു വര്‍ഷം മുമ്പാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഇന്റര്‍നെറ്റിലൂടെ ഇവരുടെ ബന്ധം വളരുകയായിരുന്നു.