അമേരിക്കയില്‍ പ്രേതങ്ങളുടെ പട്ടണം വില്‍പ്പനയ്ക്ക്!

Webdunia
ശനി, 30 ജൂലൈ 2011 (15:31 IST)
PRO
അമേരിക്കയില്‍ ഒരു വീട് സ്വന്തമാക്കുക. അത് ആര്‍ക്കും ആലോചിക്കാവുന്നതും വേണമെങ്കില്‍ നടപ്പാക്കാനാവുന്നതുമായ സംഗതിയാണ്. എന്നാല്‍ അമേരിക്കയിലെ ഒരു പട്ടണം സ്വന്തമാക്കണമെങ്കിലോ? അത്രത്ര എളുപ്പമല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്?

എന്നാല്‍ ഒരു സുവര്‍ണാവസരം. അമേരിക്കയിലെ ഒരു പട്ടണം നിങ്ങള്‍ക്ക് സ്വന്തമാക്കാം. അതും വെറും എട്ടുലക്ഷം ഡോളര്‍ മുടക്കിയാല്‍ മതി. നിറയെ വീടുകളോടുകൂടിയ ഏക്കര്‍ കണക്കിന് സ്ഥലം, ഷോപ്പുകള്‍, ജയിലുകള്‍, മ്യൂസിയം, ഡാന്‍സ് ഹാള്‍, ഹോസ്റ്റല്‍, റയില്‍‌വെ ഡിപ്പോ, പെട്രോള്‍ പമ്പ്, പോസ്റ്റ് ഓഫീസ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങി എല്ലാ സൌകര്യങ്ങളും ഉള്ള പട്ടണമാണിത്. പക്ഷേ ഒരു കുഴപ്പം മാത്രം, വീടുകളില്‍ ആള്‍ക്കാരുണ്ടാകില്ല. ഷോപ്പുകളോ മറ്റ് സ്ഥാപനങ്ങളോ ഒന്നും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. കാരണം, ഇത് ഒരു ‘പ്രേത പട്ടണം’ ആണെന്നതുതന്നെ!

പടിഞ്ഞാറന്‍ സൗത്ത്‌ ഡക്കോത്തയിലെ 46 ഏക്കര്‍ ചുറ്റളവിലുള്ള ഒരു പട്ടണമാണ്‌ വില്‍പ്പനയ്ക്ക്‌ വച്ചിരിക്കുന്നത്‌. രണ്ട്‌ വര്‍ഷമായി ഇത്‌ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. വാങ്ങാന്‍ ആരും വരുന്നില്ല. പ്രേതങ്ങള്‍ അലഞ്ഞുനടക്കുന്നു എന്ന് കേട്ടാല്‍ ധൈര്യത്തോടെ ആരാണ് വാങ്ങാന്‍ തയ്യാറാവുക?

കര്‍ഷകരുടെ പട്ടണമായിരുന്നു ഇത്. എന്നാല്‍ തൊഴില്‍ ലഭ്യത കുറഞ്ഞതോടെ ജനങ്ങള്‍ കൂട്ടത്തോടെ പട്ടണം ഉപേക്ഷിച്ചു പോയി. ആരും തിരിഞ്ഞുനോക്കാതായതോടെ പട്ടണത്തെക്കുറിച്ച് കഥകളും പ്രചരിച്ചു. പ്രേതങ്ങളുടെ വാസസ്ഥലമെന്നായിരുന്നു പ്രചരണം. ഏന്തോ ധൈര്യം തോന്നി ഒരു സ്ത്രീ ഈ പട്ടണത്തിന്‍റെ ഭൂരിഭാഗവും വാങ്ങി. പക്ഷേ അവരും ഇപ്പോള്‍ ഇവിടെ നിന്ന് ഓടിപ്പോകാന്‍ തയ്യാറെടുക്കുകയാണ്.

ആദ്യം പട്ടണത്തിന് 30 ലക്ഷം ഡോളറായിരുന്നു വിലയിട്ടിരുന്നത്. ആവശ്യക്കാര്‍ ഇല്ലാതായതോടെ അത് കുറഞ്ഞുകുറഞ്ഞ് ഇപ്പോള്‍ എട്ടുലക്ഷം ഡോളറിലെത്തിയിരിക്കുകയാണ്.