അമേരിക്കയില്‍ ക്യാപിറ്റോള്‍ കെട്ടിടത്തിനു സമീപം വെടിവയ്പ്പ്; ഒരു വനിത കൊല്ലപ്പെട്ടു

Webdunia
വെള്ളി, 4 ഒക്‌ടോബര്‍ 2013 (09:20 IST)
PRO
അമേരിക്കയില്‍ ക്യാപ്പിറ്റോള്‍ കെട്ടിടത്തിനു സമീപമുണ്ടായ വെടിവയ്പില്‍ സ്ത്രീ മരിച്ചു. സംഭവം തീവ്രവാദി ആക്രമണമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

വൈറ്റ് ഹൗസിന് സമീപത്തു കൂടെ സംശയകരമായ സാഹചര്യത്തില്‍ അമിതവേഗതയില്‍ പോയ വാഹനത്തെ സുരക്ഷാസൈനികര്‍ പിന്തുടര്‍ന്നതോടെയാണ് സംഘര്‍ഷമുണ്ടായത്. സീക്രട്ട് സര്‍വീസ് ഓഫിസര്‍ ചില പൊലീസുകാ‍ര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

അമെരിക്കന്‍ സെനറ്റും പ്രതിനിധി സഭയും ചേരുന്നതിനിടെയാണു സംഭവം. വൈറ്റ് ഹൗസിനടുത്തു പെന്‍സില്‍വാനിയ അവന്യൂവില്‍ ഒരു വാഹനം സുരക്ഷാപോയിന്‍റ് ഇടിച്ച് തെറിപ്പിച്ചതോടെയാണ് തുടക്കം.

വാഹനത്തെ പൊലീസ് പിന്തുടര്‍ന്നു. സംശയകരമായി പാഞ്ഞ വാഹനം ക്യാപ്പിറ്റോള്‍ മന്ദിരത്തിന് അടുത്തെത്തിയപ്പോള്‍ സുരക്ഷാ സൈനികര്‍ വെടിവച്ചു. സംഭവുമായി ബന്ധമുണ്ടെന്ന് കരുതുന്ന സ്ത്രീ വെടിവയ്പില്‍ മരിച്ചതായി പൊലീസ് അറിയിച്ചു.

സ്ത്രീക്കൊപ്പം ഒരു കുട്ടിയുള്ളതായും സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഏതാനും ആഴ്ച മുന്‍പ് ക്യാപ്പിറ്റോള്‍ മന്ദിരത്തിന് സമീപത്തെ നാവികസേനാ യാര്‍ഡിലുണ്ടായ വെടിവയ്പില്‍ 12 മരിച്ചിരുന്നു. ഇതേത്തുടര്‍ന്നു മേഖലയില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.