അമേരിക്കയിലെ പുരാതന ഗ്രാമം കടല്‍ കയറി ഇല്ലാതാവുന്നു. അലാസ്കയിലെ പുരാതനമായ കിവാലിന ഗ്രാമമാണ് കടല്‍ കയറുന്നത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഗ്രാമത്തെ ഇല്ലാത്താക്കുന്നതിന്റെ മുഖ്യകാരണം.
ഇനുയിറ്റ് വിഭാഗത്തില്‍പ്പെട്ട നാനൂറോളം ഗ്രാമവാസികളാണ് കിവാലിനയിലുള്ളത്. ഗ്രാമം കടല്‍ ഭീഷണി നേരിടുന്നതിനാല്‍ ഗ്രാമവാസികളെ മാറ്റിപാര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഇത് വരെ ഫലപ്രദമായിട്ടില്ല. കിവാലിനയിലെ ജനങ്ങളെ പൂര്‍ണമായി മാറ്റിപ്പാര്‍പ്പിക്കുന്നതിന് 40 കോടി ഡോളറെങ്കിലും ചെലവാകുമെന്നാണ് കണക്കുകൂട്ടുന്നത്. 200-ത്തിലെ സെന്‍സസ് പ്രകാരം കിവാലിനയില്‍ 78 കുടുംബങ്ങളിലായി 377 പേരാണുള്ളത്.
സര്‍ക്കാര്‍ കിവാലിനയില്‍ 2008-ല്‍ കടല്‍ഭിത്തി നിര്‍മിച്ചെങ്കിലും 2011-ലെ കൊടുങ്കാറ്റടിച്ചപ്പോള്‍ അത് ഭാഗീകമായി തകരുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. 2025-ല്‍ കിവാലിന ഗ്രാമം പൂര്‍ണമായും കടല്‍ കയറി നശിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതായത് ഇനിയൊരു പതിറ്റാണ്ടോടു കൂടിയേ കിവാലിന ഗ്രാമത്തിന് ആയുസ്സുള്ളൂ.
ആഗോളതാപനം വര്‍ദ്ധിച്ചത്തോടെ അലാസ്കയിലെ ആര്‍ട്ടിക് റീജിയണിലെ അന്തരീക്ഷ താപനില അമേരിക്കയിലെ മറ്റുഭാഗങ്ങളെയപേക്ഷിച്ച് ഇരട്ടിയോളം വര്‍ധിച്ച് മഞ്ഞുരുകാന്‍ തുടങ്ങിയതാണ് കടലിലെ ജലനിരപ്പ് ഉയര്‍ന്ന് വടക്കുപടിഞ്ഞാറന്‍ അലാസ്കയിലെ കിവാലിന ഗ്രാമത്തിന്റെ നാശത്തിന് കാരണം.