അമേരിക്കയിലെ ഇന്ത്യന്‍ സിഖ് പ്രൊഫസറെ ഒസാമ ബിന്‍ലാദന്‍ എന്നാക്ഷേപിച്ച് ഒരു സംഘം അക്രമികള്‍ ആക്രമിച്ചു. കൊളംബിയ യൂണിവേഴ്സിറ്റി സ്കൂള്‍ ഒഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ളിക് അഫയേഴ്സ് പ്രൊഫസറായ പ്രഭ് ജ്യോത് സിംഗാണ് ആക്രമിക്കപ്പെട്ടത്.
സിംഗിനെ ഒസാമയെന്നും ഭീകരനെന്നും വിളിച്ച് അധിക്ഷേപിക്കുകയും തല്ലി താടിയെല്ലൊടിച്ചു വീഴ്ത്തുകയും ചെയ്തു. മാന്‍ഹട്ടണ്‍ പ്രദേശത്തുള്ള ഹാര്‍ലമിനില്‍ ശനിയാഴ്ച രാത്രി ഭാര്യയെയും കുഞ്ഞിനെയും വീട്ടിലാക്കിയശേഷം നടക്കാനിറങ്ങിയതായിരുന്നു പ്രൊഫസര്‍ പ്രഭ് ജ്യോത് സിംഗ്.
താടിയും തലപ്പാവുമണിഞ്ഞതാണ് അക്രമികള്‍ അദ്ദേഹത്തിനെതിരെ ആക്രമണം അഴിച്ച് വിടാനുള്ള കാരണമായി കാണുന്നത്. പ്രൊഫസറെ ഒസാമ എന്നു വിളിച്ചുകൊണ്ട് അക്രമികള്‍ ഓടി വരുകയും പ്രൊഫസറെ ആക്രമിക്കുകയുമായിരുന്നു. തലയ്ക്കും മുഖത്തും അക്രമികള്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് വഴിയരികില്‍ അവശത നിലയില്‍ കിടന്ന പ്രൊഫസറെ മറ്റ് പ്രദേശവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
താടിയെല്ല് ഒടിഞ്ഞ അദ്ദേഹത്തിന് ആശുപത്രിയില്‍ പൂര്‍ണ വിശ്രമണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രൊഫസര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.