അഫ്ഗാന്‍ സേനയ്ക്ക് രാജ്യത്തിന്റെ പൂര്‍ണ സുരക്ഷാ ചുമതല നല്‍കും: ഒബാമ

Webdunia
ശനി, 12 ജനുവരി 2013 (12:30 IST)
PRO
PRO
അടുത്തവര്‍ഷത്തോടെ അഫ്ഗാന്‍ സൈന്യത്തിന് രാജ്യത്തിന്റെ പൂര്‍ണ സുരക്ഷാ ചുമതല നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍നിന്ന്‌ അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെത്തിയ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹാമിദ്‌ കര്‍സായിയുമായുള്ള ചര്‍ച്ചയിലാണ്‌ ഒബാമ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ഉത്തരവാദിത്തപരമായ ഒരു അന്ത്യമാണ്‌ അമേരിക്കന്‍ സേനയുടെ പിന്‍‌മാറ്റത്തിലൂടെ അഫ്ഗാനിലെ യുദ്ധത്തിനുണ്ടാവുകയെന്നും ഒബാമ പറഞ്ഞു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ്‌ കര്‍സായി അമേരിക്കയിലെത്തിയത്‌.വിദേശകാര്യമന്ത്രി സല്‍മായ്‌ റസൂല്‍, പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദി എന്നിവരും കര്‍സായിക്കൊപ്പമുണ്ട്‌.

അതേസമയം, മൂവായിരം മുതല്‍ ഒന്‍പതിനായിരം യുഎസ്‌ സൈനികരെ അഫ്ഗാനില്‍ നിലനിര്‍ത്തി തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ നല്‍കാനും അഫ്ഗാന്‍ സേനയുടെ പരിശീലനം ഉറപ്പാക്കാനും യുഎസ്‌ ഭരണകൂടത്തിന്‌ പദ്ധതിയുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. നിലവില്‍ 66,000 യുഎസ്‌ സൈനികര്‍ അഫ്ഗാനില്‍ സേവനമനുഷ്ഠിക്കുന്നതായാണ്‌ കണക്കുകള്‍.